ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണ് എന്നുള്ള സുപ്രീംകോടതി വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യത്തെ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങള്‍. സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന നിയമത്തില്‍ ഭേദഗതി വരും എന്ന് മാത്രമല്ല, ലൈംഗികന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിലും മാറ്റം കൊണ്ടുവരുന്നതാവും സുപ്രീംകോടതിയുടെ വിധിയെന്ന് എല്‍ജിബിടി സമൂഹങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

ജനങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ല്‍ ഭേദഗതി വരും എന്ന പ്രതീക്ഷയാണ് ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന ‘ക്വീരള’യിലെ ജിജോ കുര്യാക്കോസ്‌ പ്രകടിപ്പിക്കുന്നത്.

Read More : ക്വിയര്‍ പ്രൈഡ്: ലൈംഗിക സ്വാഭിമാനത്തിന്റെ കാർണിവൽ

എന്നാല്‍ നിയമഭേദഗതികൊണ്ട് മാത്രം കാര്യമില്ല. സമൂഹ മനഃസ്ഥിതിയാണ് ആദ്യം മാറേണ്ടത് എന്നാണ് കൊച്ചി മെട്രോയിലെ ജീവനക്കാരിയായ രാജി പറയുന്നത്. “ആളുകള്‍ക്ക് ഞങ്ങളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരാത്തിടത്തോളം നിയമപരമായോ ജോലി നല്‍കികൊണ്ടോ ട്രാൻസ്ജെൻറായ ഒരാളെ മുഖ്യധാരയിലെത്തിക്കാം എന്ന് കരുതേണ്ട” ട്രാൻസ്ജെൻഡറായ രാജി പറഞ്ഞു.

എന്തിരുന്നാലും സ്വകാര്യത മൗലികാവകാശമാണെന്നും അത് ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 21ല്‍ ഉള്‍ച്ചേരുന്നു എന്നുമുള്ള ചരിത്രപരമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ വിധി, സുപ്രീംകോടതിയുടെ തന്നെ പരിഗണനയിലുള്ള സെഷന്‍ 377ന്‍റെ ഭേദഗതിയുമായി ബന്ധപ്പെട്ട കേസിനെ അനുകൂലമായി സഹായിക്കുമെന്ന പ്രതീക്ഷയാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഒരുപോലെ പ്രകടമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ