scorecardresearch
Latest News

കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷം വിട്ടുനിന്നു; പ്രതിപക്ഷ ഐക്യത്തിന്റെ വെല്ലുവിളികൾ വെളിപ്പെടുത്തി പ്രധാനമന്ത്രിക്കുള്ള കത്ത്

പാർട്ടിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പാർട്ടികളുമായി സഹകരിക്കാനാകില്ലെന്ന് കോൺഗ്രസ് പറയുന്നു

tripura, congress, ie malayalam

ന്യൂഡൽഹി: പ്രതിപക്ഷ അംഗങ്ങൾക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയെ വിമർശിച്ച് ഒൻപത് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിൽ കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷം എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരു സംയുക്ത പ്രതിപക്ഷം ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ വെല്ലുവിളിയാണ്.

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഭഗവന്ത് മാന്‍ (എഎപി), (എഎപി), പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി (ടിഎംസി), തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (ബിആര്‍എസ്), ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാവുമായ ഫാറൂഖ് അബ്ദുള്ള, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവുമായ അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയായ രാഷ്ട്രീയ ജനതാ ദളിന്രെ (ആര്‍ജെഡി) തേജസ്വി യാദവ് എന്നിവരാണ് കത്തയച്ചത്.

എഎപിയും ബിആർഎസുമാണ് കത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച സിസോദിയയുടെ അറസ്റ്റിനെ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരിയും മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിതും സ്വാഗതം ചെയ്തപ്പോൾ, കേന്ദ്ര ഏജൻസികളുടെ നടപടികളെ വിമർശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് പ്രസ്താവന ഇറക്കി. പക്ഷേ, പ്രസ്താവനയിൽ ആരുടെയും പേരുകളൊന്നും പരാമർശിച്ചില്ല. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടി നേതാക്കൾ അയച്ച കത്തിൽ കോൺഗ്രസിനെ കാണാതിരുന്നതിൽ അത്ഭുതമില്ല.

മാത്രമല്ല, കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി അടുത്തിടെ നടന്ന സാഗർദിഗിയിലെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളുടെ പേരിൽ സംസ്ഥാന കോൺഗ്രസ് വക്താവ് കൗസ്താവ് ബാഗ്ചിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള തർക്കത്തിനും ശേഷമാണ് ഈ ബന്ധം കൂടുതൽ വഷളായത്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളർച്ചയ്ക്ക് മമത ബാനർജിയാണ് ഉത്തരവാദിയെന്ന തരത്തിൽ സംസ്ഥാനത്തെയും ഡൽഹിയിലെയും കോൺഗ്രസ് നേതാക്കൾ അവരെ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്.

പാർട്ടിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പാർട്ടികളുമായി സഹകരിക്കാനാകില്ലെന്ന് കോൺഗ്രസ് പറയുന്നു. 2021ൽ പശ്ചിമബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തിയപ്പോൾ കോൺഗ്രസും ഇടതുപക്ഷവും അതിനെതിരെ ഒന്നിച്ചിരുന്നുവെന്ന് ടിഎംസി ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കുമെന്ന് ടിഎംസി കഴിഞ്ഞ വർഷം വരെ പറയാതെ പറഞ്ഞിരുന്നുവെങ്കിലും ഗോവയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് പാർട്ടിയുടെ ദേശീയ അഭിലാഷങ്ങൾ തകർന്നു. ത്രിപുരയിലെയും മേഘാലയയിലെയും തോൽവിക്ക് പിന്നാലെ 2024ലെ തിരഞ്ഞെടുപ്പിൽ ടിഎംസി ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമത ബാനർജിയുടെ പ്രസ്താവനയിൽ ഇത് പ്രതിഫലിച്ചു.

ബിആർഎസും കോൺഗ്രസും തമ്മിൽ യോജിപ്പില്ല, പലതവണ ഇരുപാർട്ടികളും കൊമ്പുകോർത്തു. കഴിഞ്ഞ ഒക്ടോബറിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ കെസിആർ നയിക്കുന്ന പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നും അവരുടെ ദേശീയ അഭിലാഷങ്ങൾ നിരസിച്ചുവെന്നും പറഞ്ഞു. താൻ ഒരു ദേശീയ പാർട്ടിയാണ് നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രിക്ക് വിശ്വാസമുണ്ടെങ്കിൽ അങ്ങനെയാകട്ടെ എന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“താൻ ഒരു ആഗോള പാർട്ടി നടത്തുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെങ്കിൽ, അതും നല്ലതാണ്. അമേരിക്കയിലോ ചൈനയിലോ മറ്റ് രാജ്യങ്ങളിലോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുന്ന ഒരു രാജ്യാന്തര പാർട്ടിയാണ് തന്റേതെന്ന് അദ്ദേഹം സങ്കൽപ്പിക്കുന്നുവെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു, അത് സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബിആർഎസ് എവിടെ മത്സരിച്ചാലും ഞങ്ങൾക്ക് പ്രശ്നമില്ല. ബിആർഎസ് (ജെഡി-യു മേധാവി) നിതീഷ് കുമാറുമായി സംസാരിച്ചാൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. ബിആർഎസിന്റെ അഴിമതിക്കും സമീപനത്തിനും മനോഭാവത്തിനും ഒപ്പം നിൽക്കാനാവില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.

ഡിസംബറിൽ, ഹൈദരാബാദ് പൊലീസ് തെലങ്കാന കോൺഗ്രസ് “വാർ റൂം” റെയ്ഡ് ചെയ്യുകയും കെസിആറിനെ അവഹേളിക്കുന്ന കമന്റുകൾ പോസ്റ്റ് ചെയ്തതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ, തെലങ്കാന മുഖ്യമന്ത്രി സംസ്ഥാനത്ത് ജനാധിപത്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ മാസം നടന്ന റായ്പൂർ പ്ലീനറിയിൽ, സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ഒരുമിച്ച് പ്രവർത്തിക്കാനും ബിജെപിയെ നേരിടാൻ ഒരു “സാധ്യമായ ബദൽ” രൂപപ്പെടുത്താനും കോൺഗ്രസ് സന്നദ്ധത പ്രകടിപ്പിച്ചു. കോൺഗ്രസ് സഖ്യത്തെ നയിച്ച യുപിഎ മാതൃകയെക്കുറിച്ച് സംസാരിച്ചു. ഏതെങ്കിലും മൂന്നാം ശക്തിയുടെ ആവിർഭാവം ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് ഇതര ഗ്രൂപ്പ് രൂപീകരിക്കാൻ താൽപ്പര്യമുള്ള പാർട്ടികൾക്കുള്ള സന്ദേശത്തിൽ പാർട്ടി പറഞ്ഞു.

”ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു രാഷ്ട്രീയ പാർട്ടി കോൺഗ്രസ് മാത്രമാണ്. മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗങ്ങളിൽ പല പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കാറുണ്ടെങ്കിലും പിന്നീടുള്ള അവരുടെ പ്രവർത്തനങ്ങൾ ഭരണകക്ഷിക്ക് അനുകൂലമാണ്. ഞങ്ങൾ രണ്ടു മുഖങ്ങളല്ല. ഞങ്ങൾക്ക് ഒരു മുഖമേ ഉള്ളൂ,” പ്ലീനറി സമ്മേളനം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചില പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന റാലിയിൽ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനും കോൺഗ്രസിന്റെ നിലപാട് മാറ്റുകയും മൂന്നാം മുന്നണി എന്ന ആശയം തള്ളുകയും ചെയ്തിരുന്നു. ടിഎംസി, ബിആർഎസ്, ഇടതുപക്ഷം എന്നിവർ പരിപാടിയിൽ പങ്കെടുത്തില്ല. ”എല്ലാ പ്രാദേശിക പാർട്ടികളും ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും ചിന്തിക്കണം. കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളോടും ഞാൻ പറയുന്നത് ഐക്യമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ രഹസ്യം,” സ്റ്റാലിൻ പറഞ്ഞു. ”മൂന്നാം മുന്നണിയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങളും അവഗണിക്കണം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ പദ്ധതികളും ബിജെപിയെ പരാജയപ്പെടുത്താൻ സഹായിക്കില്ല. ബിജെപിയെ പരാജയപ്പെടുത്താൻ പാർട്ടികൾ ഭിന്നതകൾക്ക് അതീതമായി ഒറ്റക്കെട്ടായി നിൽക്കണം. മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചർച്ചകൾ അർത്ഥശൂന്യമാണ്.”

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Letter to pm modi reveals opposition unity challenges cong dmk left missing