scorecardresearch
Latest News

മോദിക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിരുന്നോ?; വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കരുതെന്ന് സുഹാസിനി

സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് നേരത്തെ കത്തയച്ചത്

മോദിക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിരുന്നോ?; വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കരുതെന്ന് സുഹാസിനി

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 49 പ്രമുഖര്‍ ഒപ്പിട്ട് അയച്ച കത്തില്‍ സംവിധായകന്‍ മണിരത്‌നം ഒപ്പിട്ടിരുന്നോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം ഇതാണ്. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ നടത്തുന്നത്. ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയും രാജ്യത്ത് അസഹിഷ്ണുതയും അക്രമങ്ങളും വര്‍ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ മാസം 24 നാണ് 49 പ്രമുഖര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുന്നത്. ഈ കത്തില്‍ സംവിധായകന്‍ മണിരത്‌നവും ഒപ്പിട്ടു എന്നാണ് ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, പിന്നീട് മണിരത്‌നം ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങി. ഇതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.

എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കുന്നതാണ് മണിരത്‌നത്തിന്റെ ഭാര്യയും പ്രമുഖ നടിയുമായ സുഹാസിനിയുടെ പ്രതികരണം. കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന തരത്തില്‍ മണിരത്‌നം ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് സുഹാസിനി പ്രതികരിക്കുന്നത്. മണിരത്‌നം എഫ്സി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഒപ്പിട്ടിട്ടില്ല എന്ന തരത്തിലുള്ള ട്വീറ്റ് വന്നിരിക്കുന്നത്. ആ ട്വീറ്റുമായി സംവിധായകന്‍ മണിരത്‌നത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് സുഹാസിനി പറയുന്നത്. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സംവിധായകന്‍ മണിരത്‌നം ഒപ്പിട്ടിട്ടില്ല എന്ന വാര്‍ത്ത പങ്കുവച്ച ജന്മഭൂമി മുന്‍ എഡിറ്ററും മാധ്യമപ്രവര്‍ത്തകനുമായ കെ.വി.എസ്.ഹരിജാസിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു സുഹാസിനി.

Read Also: ‘പ്രമുഖരെ എതിര്‍ത്ത് പ്രമുഖര്‍’; പ്രധാനമന്ത്രിക്ക് അയച്ച കത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് കങ്കണ

മണിരത്‌നത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സുഹാസിനി ട്വീറ്റ് ചെയ്തു. മണിരത്‌നം എഫ്സി എന്ന അക്കൗണ്ടുമായി സംവിധായകന്‍ മണിരത്‌നത്തിന് യാതൊരു ബന്ധവുമില്ലെന്നും മണിരത്‌നത്തിന്റേത് എന്ന് പറഞ്ഞ് ഇത്തരം ട്വീറ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും സുഹാസിനി ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിട്ടുണ്ടോ എന്ന് സുഹാസിനി വ്യക്തമാക്കുന്നില്ല.

സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് നേരത്തെ കത്തയച്ചത്. ‘ജയ് ശ്രീറാം’ എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാമൻ എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23-ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

Read Also: ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറി: പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന കത്ത്

‘ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണം,” കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കത്തിൽ ഒപ്പുവച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ നടത്തിയ ഭീഷണി നേരത്തെ വാർത്തയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം അടൂർ ഗോപാലകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയുണ്ടായി.

ജയ് ശ്രീറാം വിളി കേൾക്കേണ്ടെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്നായിരുന്നു ബിജെപി വക്താവ് പറഞ്ഞത്. അടൂരിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Letter to modi fake news spreading around in the name of director maniratnam says suhasini