ചെന്നൈ; ശശികലയുമായുള്ള പനീര്‍സെല്‍വത്തിന്റെ പോരില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെയുടെ നിലപാട് നിര്‍ണായകമാകും. നിയമസഭയില്‍ ഒ പനീര്‍സെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കേണ്ടി വന്നാല്‍ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ആരു പരസ്യപ്രസ്താവന നടത്തരുതെന്ന് പാര്‍ട്ടി നേതാവ് ഡിഎംകെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനീര്‍സെല്‍വത്തിന് എത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. 25നും 30 നും ഇടയില്‍ എംഎല്‍എമാര്‍ ഉണ്ടെന്നാണ് പനീർ സെല്‍വം പറയുന്നത്. സഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ഗവര്‍ണറെ കണ്ട ശേഷം പനീര്‍സെല്‍വത്തിന്റെ പ്രതികരണം. 117 ആണ് തമിഴ്‌നാട് നിയമസഭയില്‍ വേണ്ട കേവല ഭൂരിപക്ഷം. സഭയിലെ ഡിഎംകെയുടെ അംഗബലം 89 ആണ്.

സഭയില്‍ അണ്ണാഡിഎംകെയ്ക്ക് 136 സീറ്റുകളാണ് ഉണ്ടായിരുന്നത്. ജയലളിതയുടെ മരണത്തോടെ ഇത് 135 ആയി കുറഞ്ഞു. ജയലളിതയുടെ മണ്ഡലം ആര്‍കെ നഗര്‍ ഒഴിഞ്ഞു കിടക്കുകയാണ്. ശശികല രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ചില എം.എല്‍.എമാരുടെ പിന്തുണയും പനീര്‍സെല്‍വത്തിനുണ്ടെന്നാണ് വിവരം
സംസ്ഥാനത്തെ രാഷ്ട്രീയനീക്കങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ജയലളിതയുടെ വിയോഗത്തിന് ശേഷം അണ്ണാ ഡിഎംകെയിലുണ്ടായ പോര് രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ ഇരു പാര്‍ട്ടികളും ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook