ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസിൽ ശിക്ഷ സംബന്ധിച്ച് വിധി പറയുന്നത് മാറ്റി. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നേരത്തെ  കണ്ടെത്തിയിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പ്രശാന്ത് ഭൂഷണ് മാപ്പ് പറയാൻ കോടതി ഇന്നും സമയം അനുവദിച്ചു. എന്നാൽ, താൻ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഭൂഷൺ.

‘അനുകമ്പയോടെയുള്ള സമീപനം’ സ്വീകരിക്കണമെന്നും ഭൂഷണ് മാപ്പ് നല്‍കണമെന്നുമുള്ള നിലപാട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഭൂഷണെ ശിക്ഷിക്കരുതെന്നും ആവശ്യമെങ്കില്‍ താക്കീത് നല്‍കി വിട്ടയക്കണമെന്നും കെകെ വേണുഗോപാല്‍ പറഞ്ഞു.  ശിക്ഷാനടപടികളില്‍നിന്ന് ഭൂഷനെ ഒഴിവാക്കണമെന്ന് വേണുഗോപാല്‍ കഴിഞ്ഞയാഴ്ച കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഭൂഷണ്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപമാനകരമായ പരാമര്‍ശമുണ്ടെന്നും കോടതി പറഞ്ഞു.’താന്‍ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് ഭൂഷണ്‍ ഒരു സൂചനയും നല്‍കുന്നില്ലെങ്കില്‍, അത്തരമൊരു ഉപദേശം എന്ത് ഫലമുണ്ടാക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?’ജസ്റ്റിസ് മിശ്ര അറ്റോർണി ജനറലിനോട് ചോദിച്ചു. കോടതി സമയം നല്‍കിയെങ്കിലും ഭൂഷണ്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചുവെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

Also Read: പ്രശാന്ത് ഭൂഷണെതിരായ 2009 ലെ കോടതിയലക്ഷ്യ കേസ് പുതിയ ബെഞ്ച് പരിഗണിക്കും

സുപ്രീം കോടതി തകര്‍ന്നതായി പ്രശാന്ത് ഭൂഷണുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അത് ആക്ഷേപകരമല്ലേയെന്ന് ബെഞ്ച് എജിയോട് ചോദിച്ചു. ”ഭൂഷണ്‍ ഇത് അദ്ദേഹം പൂര്‍ണമായും പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും വേണം. മാപ്പ് പറഞ്ഞാല്‍ കോടതി വിട്ടയയ്ക്കുകയും വേണം,”കെകെ വേണുഗോപാല്‍ പറഞ്ഞു.

ശിക്ഷ സംബന്ധിച്ച ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് ധവാന്റെ അഭിപ്രായം കോടതി തേടി. ശിക്ഷിച്ച വിവിധിക്കുന്നതു പുനപ്പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

”ദയവായി പ്രശാന്ത് ഭൂഷണെ രക്തസാക്ഷിയാക്കരുത്. ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ ശേഷം കല്യാണ്‍ സിങ്ങിനെ സ്വാഗതം ചെയ്യാന്‍ ജനക്കൂട്ടമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തെ രക്തസാക്ഷിയാക്കരുത്,” അദ്ദേഹം പറഞ്ഞു. ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് മാത്രല്ല വിവാദങ്ങളും അവസാനിപ്പിക്കണമെന്നും രാജീവ് ധവാന്‍ പറഞ്ഞു.

”ഞാന്‍ ഭൂഷണെ വിമര്‍ശിക്കുന്നില്ല. കോടതി ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനും തമ്മില്‍ വ്യത്യാസമുണ്ട് … നിങ്ങള്‍ എല്ലാത്തിനും സമ്മര്‍ദ്ദം ചെലുത്താന്‍ പോകുകയാണെങ്കില്‍, നിങ്ങള്‍ അദ്ദേഹവുമായി കൂടുതല്‍ ഒന്നായിത്തീരുന്നു,”രാജീവ് ധവാന്റെ വാദത്തിനു മറുപടിയായി ജസ്റ്റിസ് മിശ്ര പറഞ്ഞു.

Also Read:കോടതിയലക്ഷ്യം: ലഭിക്കാവുന്ന ശിക്ഷ എത്ര?

അതേസമയം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ 2009 ലെ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ പുതിയ ബഞ്ചിലേക്ക് വിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര സെപ്റ്റംബര്‍ ആദ്യവാരം വിരമിക്കാനിരിക്കെയാണ് ഈ നടപടി. കേസ് ഉചിതമായ ബെഞ്ചിനു മുന്നില്‍ അടുത്ത മാസം 10നു വരുമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. തങ്ങളുടെ ബെഞ്ചിനു ‘സമയക്കുറവ്’ ഉള്ളതിനാലാണ് തീരുമാനമെന്നും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞു.

ചീഫ് ജസ്റ്റിസുമാര്‍ക്കെതിരായ വിവാദമായ രണ്ട് ട്വീറ്റുകളെത്തുടര്‍ന്നുള്ള മറ്റൊരു കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്നു സുപ്രീം കോടതി ഓഗസ്റ്റ് 14നു വിധി പുറപ്പെടുവിച്ചിരുന്നു. തെഹല്‍ക്ക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജുഡീഷ്യറിക്കെതിരെ നടത്തിയ ആരോപണങ്ങളിലാണ് ഇപ്പോൾ സമാനമായ കുറ്റം നേരിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook