ബെംഗളൂരു: റഷ്യ-യുക്രൈൻ യുദ്ധത്തിൽനിന്ന് സൈന്യം പാഠമുൾക്കൊള്ളണമെന്നും ഭാവിക്കുവേണ്ടി സജ്ജരായിരിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വരും ദിവസങ്ങളിൽ ലോകത്തിലെ എല്ലാ പ്രധാന സായുധസേനകളും അവരുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന രാജ്യത്തിന്റെ 75-ാമത് കരസേന ദിന പരേഡിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ-റഷ്യ നേതാക്കളോട് സംസാരിച്ചതിനെത്തുടർന്നുണ്ടായ വെടിനിർത്തൽ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തി. ”യുക്രൈൻ പ്രസിഡന്റ് സെലൻസ്കി, റഷ്യൻ പ്രസിഡന്റ് പുടിൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഏതാനും മണിക്കൂറുകൾ വെടിനിർത്തൽ പ്രഖ്യാപിച്ചു,” രാജ്നാഥ് സിങ് പറഞ്ഞു.
മുൻപ്, ഇന്ത്യയുടെ വാക്കുകൾ ആരും ഗൗരവമായി എടുക്കില്ലായിരുന്നു. എന്നാൽ, ഇന്ന് നമ്മൾ സംസാരിക്കുമ്പോൾ ലോകം ശ്രദ്ധയോടെ കേൾക്കുന്നു. കർണാടകയിൽ സൈനിക ദിനം സംഘടിപ്പിക്കുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ആദരവാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാദിന പരേഡ് നടക്കുന്നത്.
”കർണാടകയിൽ നിന്നുള്ള ഫീൽഡ് മാർഷൽ കെ.എം.കരിയപ്പയ്ക്കുള്ള ആദരവ് കൂടിയാണിത്. നമ്മുടെ സൈന്യം വെല്ലുവിളികളെ അതിജീവിച്ചു. നമ്മുടെ രാജ്യം ചില കാര്യങ്ങൾക്ക് പേരുകേട്ടതാണെങ്കിൽ, ഇന്ത്യൻ സൈന്യവും അതിലൊന്നാണെന്ന് ഞാൻ പറയും. എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ സൈനിക ഉദ്യോഗസ്ഥർ എത്തിയെന്ന് അറിഞ്ഞാൽ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് അവർക്ക് വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.