അഹമ്മദാബാദ്: മൂന്ന് വയസുളള കുഞ്ഞിനെ പുഴയിലെറിഞ്ഞ് ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലെ സബര്‍മതി നദിയിലാണ് ഇരുവരും ചാടി ആത്മഹത്യ ചെയ്തത്. എല്ലിസ്ബ്രിഡ്ജിന് അടുത്ത് നിന്നും ചാടിയ ഇരുവരുടേയും എന്ന് കരുതുന്ന ആത്മഹത്യാകുറിപ്പും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആത്മഹത്യയ്ക്ക് പ്രേരണയുണ്ടായതായി സൂചനയുണ്ട്.
ലെസ്ബിയന്‍ ബന്ധത്തില്‍ മറ്റുളളവരില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്‌തതെന്ന് സബര്‍മതി റിവര്‍ഫ്രണ്ട് പൊലീസ് വ്യക്തമാക്കി. ‘ഒന്നിച്ച് ചേരാനായി ഞങ്ങള്‍ ഈ ലോകത്ത് നിന്നും അകന്ന് പോകാന്‍ തീരുമാനിച്ചു. ഈ ലോകം ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ല’, ആത്മഹത്യാ കുറിപ്പില്‍ വിവരിക്കുന്നു. ഇതില്‍ ഒരു യുവതി നേരത്തേ ഒരാളെ വിവാഹം ചെയ്‌തിരുന്നു. ഈ ബന്ധത്തിലുളള കുട്ടിയെ ആണ് നദിയിലെറിഞ്ഞത്.
മൂന്ന് വയസുളള പെണ്‍കുട്ടിയും മരിച്ചിട്ടുണ്ട്. കുട്ടിയെ ആണ് ആദ്യം വെളളത്തില്‍ എറിഞ്ഞത്. തുടര്‍ന്ന് ഇരുവരും പരസ്‌പരം ദുപ്പട്ട കൊണ്ട് ശരീരം ബന്ധിച്ചു. ഇതിന് ശേഷമാണ് നദിയിലേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. 30കാരിയായ ആശ താക്കൂര്‍, 28കാരിയായ ഭാവന താക്കൂര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. മൂന്ന് വയസുകാരി ആശയുടെ മകളാണ്. അഹമ്മദാബാദിലെ രജോഡ ഗ്രാമത്തില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഇരുവരും ജോലി ചെയ്‌തിരുന്നത്. ആശാ താക്കൂര്‍ ഭാവ്ല പ്രദേശത്തും ഭാവന രജോഡയിലും ആണ് ജീവിച്ചിരുന്നത്.