മഹാരാഷ്ട്രയില്‍ കുട്ടികളേയും സ്ത്രീയേയും അടക്കം ഏഴ് പേരെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ വെടിവെച്ച് കൊലപ്പെടുത്തി. ഒരു മാസത്തിനുളളിലാണ് പുലി ഏഴ് പേരെ കൊന്നത്. ശനിയാഴ്ച രാത്രി ജൽഗാവ് ജില്ലയിലെ വാർദീയിൽവച്ചു പുലിയെ കൊന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ രമ റാവു അറിയിച്ചു.

വനം വകുപ്പ് പുലിയെ കൊല്ലുന്നതിനായി മൂന്നു വേട്ടക്കാരെ നിയമിച്ചിരുന്നു. ഡൽഹിയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള മൂന്ന് വേട്ടക്കാരെയാണ് ഇതിനായി നിയമിച്ചത്. ഇതിനുപുറമേ പുലിയെ പിടികൂടാൻ പത്ത് കൂടുകൾ വച്ചിരുന്നുവെന്നും വനം വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി 11.30ഓടെ പുലിയെ ഗ്രാമത്തിന് സമീപം കണ്ടെത്തി.

തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുളള വേട്ടക്കാരനായ നവാബ് മാലിക്കിന്റെ വെടിവെപ്പില്‍ പുലി കൊല്ലപ്പെട്ടു. ഒരു മാസത്തിനിടെ കാര്‍ഖെഡെയിലാണ് ഏഴ് പേരേയും പുലി കൊന്നത്. കുനാല്‍ പ്രകാശ് എന്ന ആറ് വയസുകാരനെയാണ് പുലി അവസാനമായി ഇരയാക്കിയത്. ഡിസംബര്‍ ഏഴിന് വീട്ടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് വലിച്ച് കൊണ്ടു പോയാണ് കൊന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ