/indian-express-malayalam/media/media_files/uploads/2019/02/leopard-cats-001.jpg)
ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ കാട്ടില്‍ നിന്നെത്തിയ പുലി മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാഴ്‍ത്തി. 8 ലക്ഷത്തോളം പേര്‍ താമസിക്കുന്ന ജലന്ധറിലെ തെരുവുകളിലൂടെ പുലി ആറ് മണിക്കൂറോളം ഓടി. അഞ്ച് പേരെയാണ് ഇതിനിടയില്‍ പുലി കടിച്ചും മാന്തിയും പരുക്കേല്‍പിച്ചത്. ഇവരുടെ പരുക്ക് സാരമുളളതാണ്. പുലി ചിലരുടെ മേല്‍ ചാടി വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പുലിയെ ആദ്യം കെണിവച്ച് വലയില്‍ കുരുക്കിയെങ്കിലും വല കടിച്ച് മുറിച്ച് രക്ഷപ്പെട്ടു.
പുലിയെ കാണാനെത്തിയവരാണ് പരുക്കേറ്റവരെല്ലാം. പരിഭ്രാന്തനായ പുലി നഗരത്തില്‍ അങ്ങുമിങ്ങും ഓടുന്നതിനിടയിലാണ് അഞ്ച് പേര്‍ക്ക് പരുക്കേറ്റത്. സമീപത്തെ കാട്ടിലേക്ക് പുലിയെ ഓടിച്ച് വിടാനായി ജനങ്ങള്‍ കല്ലെറിഞ്ഞത് കാര്യങ്ങള്‍ വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ നിന്നുമാണ് പുലി എത്തിയതെന്നാണ് പഞ്ചാബ് വന്യജീവി വകുപ്പ് പറയുന്നത്. കാടുകളും പാടങ്ങളും കടന്നാണ് പുലി ജലന്ധറിലെത്തിയത്.
മണിക്കൂറുകള്‍ക്കൊടുവില്‍ പുലിയെ ഒരു വീട്ടിനകത്തേക്ക് ഓടിച്ച് കയറ്റി മയക്കുവെടിവച്ചാണ് പിടിച്ചത്. പുലിയെ കാണാന്‍ ആളുകള്‍ തടിച്ച് കൂടിയത് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കി. ചിലയിടങ്ങളില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളുടെ വരവ് തടയുകയും ചെയ്തിരുന്നു. പുലിയെ പിന്നീട് ഛാത്ബിര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.