അഹമ്മദാബാദ്: ഗുജറാത്തില്‍ അപ്രതീക്ഷിതമായി കോടതിയില്‍ പുലി കയറിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറിയത്. കോടതി മുറിക്കുളളില്‍ ജഡ്ജിയും അഭിഭാഷകരും മറ്റ് ജീവനക്കാരും നില്‍ക്കെയാണ് പുലി അകത്ത് കടന്നത്. ഉടന്‍ തന്നെ എല്ലാവരും പുറത്തേക്ക് ഓടി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പുലി പരിഭ്രമിച്ച് നിന്ന തക്കം നോക്കി കോടതി മുറി അടച്ച് പുലിയെ അകത്ത് പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. രാത്രിയോടെ പുലിയെ കോടതിയില്‍ നിന്നും പിടികൂടി വനത്തിലെത്തിക്കുമെന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും പുലിയെ കാട്ടിലെത്തിക്കാനുളള ശ്രമം നടക്കുകയാണ്. കോടതി മുറിയിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുന്നുകള്‍ ഏറെയുളള ചോട്ടിലയില്‍ കുന്നിന് ചുറ്റും കാടുകളാണ്.

കഴിഞ്ഞ മാസം ഗുജറാത്ത് സെക്രട്ടറിയേറ്റ് പരിസരത്തും പുലി കടന്നുകൂടിയിരുന്നു. നവംബര്‍ 5നാണ് സിസിടിവിയില്‍ പുലി സെക്രട്ടറിയേറ്റ് പരിസരത്ത് വിഹരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം സെക്രട്ടറിയേറ്റ് അടച്ചിട്ട് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

നവംബര്‍ 21നും 26നും ഇടയില്‍ ദക്ഷിണ ഗുജറാത്തില്‍ മാത്രം മൂന്ന് പേര്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ 1395 പുലികളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook