ന്യൂഡൽഹി: ത്രിപുരയിൽ ലെനിന്റെയും തമിഴ്നാട്ടിൽ പെരിയാറിന്റെയും പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവങ്ങളിൽ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി പ്രധാനമന്ത്രി സംസാരിച്ചതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കാൻ നിർദ്ദേശം നൽകിയതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

”രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പ്രതിമകൾ തകർക്കപ്പെടുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇവ ആവർത്തിക്കപ്പെടാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും”, ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതിമകൾ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രംഗത്തെത്തി. തമിഴ്നാട്ടിലെയും ത്രിപുരയിലെയും ബിജെപി പാർട്ടി യൂണിറ്റുകളുമായി സംസാരിച്ചു. പ്രതിമകൾ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

ത്രിപുരയിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി പാർട്ടി തിളക്കമാർന്ന വിജയം നേടി അധികാരത്തിലെത്തിയിരുന്നു. ഇതിനുപിന്നാലെ ബിജെപി പ്രവർത്തകർ സിപിഎം പ്രവർത്തകർക്കുനേരെയും ഓഫീസുകൾക്കുനേരെയും അക്രമം അഴിച്ചുവിട്ടു. ബെലോനിയയിൽ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബിജെപി പ്രവർത്തകർ തകർത്തു.

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടതിനുപിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമയും തകർത്തു. ലെനിന്റെ പ്രതിമ തകര്‍ത്തുപോലെ തമിഴ്‌നാട്ടില്‍ പെരിയാർ പ്രതിമകളും തകര്‍ക്കുമെന്ന് ബിജെപി നേതാവ് എച്ച്.രാജ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സംഭവം വിവാദമായതോടെ അദ്ദേഹം ഇത് പിൻവലിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook