തിരുനൽവേലി: കാൽ നൂറ്റാണ്ട് കാലം ഭരണത്തിലുണ്ടായിരുന്ന ത്രിപുരയിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് അടിതെറ്റിയത്. രാജ്യത്താകമാനം അലയടിച്ച ബിജെപി മുന്നേറ്റം ത്രിപുരയിലും ഉണ്ടായി. ഇതിന് പിന്നാലെയാണ് ത്രിപുരയിൽ ഉണ്ടായിരുന്ന നിരവധി പ്രതിമകൾ തകർത്തത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു ലെനിൻ പ്രതിമ.

ത്രിപുരയിൽ പ്രതിമ തകർത്ത് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമ സിപിഎം നിർമ്മിച്ചത്. ത്രിപുരയിലെ ബെലോനിയ നഗരത്തിൽ സ്ഥാപിച്ചിരുന്ന ലെനിൻ പ്രതിമ ജെസിബി ഉപയോഗിച്ചാണ് തകർത്തത്. ഇതിന് ബിജെപി പ്രവർത്തകരാണ് നേതൃത്വം നൽകിയത്. പ്രതിമയ്ക്ക് പുറമെ, സംസ്ഥാനത്താകമാനം നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ഓഫീസുകൾ കൈയ്യേറി.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾക്ക് പ്രചാരണം നടത്താൻ പോലും സാധിച്ചില്ല. തുടർന്ന് വന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു.

Read More: ‘ഞങ്ങളുടെ പ്രതിമകൾ തകർക്കാനേ സാധിക്കൂ, ആവേശം കെടുത്താനാകില്ല’; ബിജെപിക്ക് സിപിഎമ്മിന്റെ മറുപടി

ലെനിൻ പ്രതിമ തകർക്കപ്പെട്ടപ്പോൾ തന്നെ തമിഴ്‌നാട്ടിൽ സിപിഎം പകരം പ്രതിമ ഉയർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബെലോനിയ നഗര മധ്യത്തിലാണ് പ്രതിമ സ്ഥാപിച്ചിരുന്നതെങ്കിൽ തമിഴ്‌നാട്ടിൽ തിരുനൽവേലി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പ്രതിമ ഉയർത്തുന്നത്.

ലെനിന്റെ 95ാം ചരമ ദിനമായ ജനുവരി 21 ന് തിരുനൽവേലി ജില്ലാക്കമ്മിറ്റി ഓഫീസിലാണ് പ്രതിമ പ്രതിഷ്ഠിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാച്ഛാദനം ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook