വിക്രം സേത്തിന്റെ അമ്മ ജസ്റ്റിസ് ലീല സേത്ത് ഇനി ഓർമ്മകളിൽ

അസ്വസ്ഥ കാലത്തെ നീതിയുടെ പോരാളി, വിവേകത്തിന്‍റെ ശബ്ദം. ബിസ്‌കറ്റ് രാജാവ് രാജൻപിളളയുടെ കസ്റ്റഡിമരണം, പെൺകുട്ടികൾക്ക് തുല്യവകാശം നൽകുന്ന ഹിന്ദു പിന്തുടർച്ചാ നിയമഭേദഗതി, മനുഷ്യാവകാശം എന്നിവയിലൊക്കെ നിർണായക പങ്ക് നിർവഹിച്ച നിയമജ്ഞയാണ് അന്തരിച്ച ലീല സേത്ത്

leila seth, vikram seth, lgbt, humar rights

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെയും നീതിസംഹിതയുടെയും ലിംഗനീതിയുടെയും വിവേക സ്വരമായിരുന്ന ലീലാ സേത്ത് ഇനി ഓർമ്മകളിൽ.  പ്രശസ്ത സാഹിത്യകാരനായ വിക്രം സേത്തിന്‍റെ മാതാവ് ലീലാ സേത്ത് തന്‍റെ വിശാലമായ കർമ്മ രംഗത്ത് മനുഷ്യ പുരോഗതിയുടെയും മനുഷ്യ സ്നേഹത്തിന്‍റെയും ഒട്ടേറെ വാതിലുകൾ തുറന്ന നിയമജ്ഞയാണ്.  നീതിയാണ് ലഭ്യമാക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന നിയമ പണ്ഡിത; അസ്വസ്ഥതകളുടെ മഹാമാരിക്കാലത്ത് മനുഷ്യത്വത്തിന്‍റെയും യുക്തി ബോധത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും മുഖം.

ഇന്ത്യയിലെ   ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാണ് എൺപത്തിയാറാം വയസ്സിൽ നിര്യാതയായ ജസ്റ്റിസ് ലീലാ സേത്ത്.  ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്ന ബഹുമതിയും അവര്‍ക്കുള്ളതാണ്‌.  എട്ടര പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിൽ  നിരവധി മനുഷ്യാവകാശ, നിയമ സ്ഥാപനങ്ങളുടെ മേധാവിയായിട്ടുണ്ട്.  പതിനഞ്ചാം നിയമകമ്മീഷൻ അംഗമായിരുന്ന ലീല, ഏറെക്കാലം കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് ( സി എച്ച് ആർ ഐ) അദ്ധ്യക്ഷയായിരുന്നു.  2012 ലെ നിർഭയ സംഭവത്തിന് ശേഷം ബലാൽസംഗവിരുദ്ധ നിയമം ശക്തിപ്പെടുത്തുന്നതിനായി മൂന്നു പേരുകൾ കണ്ടെത്തിയത്തിൽ ഒന്ന് ലീലയുടേതായിരുന്നു.

ജസ്റ്റിസ് ലീല സേത് ഭർത്താവിനൊപ്പം

നീതിശാസ്ത്ര സംഹിതയുടെ വിശ്വാസയോഗ്യമായ ശബ്ദമെന്നതിലുപരി അസാമാന്യ പ്രതിഭയുളള എഴുത്തുകാരിയായിരുന്നു ലീല. തടവുകാരുടെ അവകാശങ്ങളുൾപ്പെടയുളള മനുഷ്യാവകാശങ്ങളെ കുറിച്ച് ഉത്തമബോധ്യത്തോടെയുളള സമീപനം സ്വീകരിച്ചിരുന്ന ലീല സേത്ത്, മനുഷ്യവകാശങ്ങൾ വെല്ലുവിളി നേരിടുന്ന അസ്വസ്ഥയുടെ ഈ​ കാലത്ത് വിവേകത്തിന്‍റെ ശബ്ദമായി നില കൊണ്ടു.

വിശാലമായ തൊഴിൽ രംഗമായിരുന്നു അവരുടേത്.  ശക്തിമാൻ​ എന്ന ടെലിവിഷൻ സീരിയലിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച സമിതിയിൽ അംഗമായിരുന്നു.  കുട്ടികളും കഥപറച്ചിലുമായി ആഴത്തിൽ ബന്ധമുണ്ടായിരുന്ന ലീലാ സേത്ത് ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുഞ്ഞുവായനക്കാർക്ക് മനസ്സിലാകും വിധമുളള ” വീ ദ് ചിൽഡ്രൻ​ ഓഫ് ഇന്ത്യ” എന്ന പുസ്തകമെഴുതിയതിൽ അത്ഭുതപ്പെടാനില്ല.

ലക്‌നൗവിൽ 1930 ഒക്ടോബറിലാണ് ലീല ജനിച്ചത്.  1958ൽ ലണ്ടൻ​ ബാർ പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യവനിതയായി.  1959 ൽ സിവിൽ​ സർവീസിൽ ഐ എ എസ് ലഭിച്ചു. എന്നാൽ അവർ നിയമ രംഗത്ത് തുടരാനാണ് തീരുമാനിച്ചത്.  ബിസ്‌കറ്റ് രാജാവ് രാജൻപിളളയുടെ കസ്റ്റഡി മരണത്തെ കുറിച്ചുളള അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു അവർ. കൂട്ടുകുടുംബ വ്യവസ്ഥയിൽ പെൺകുട്ടികൾക്ക് സ്വത്തിൽ തുല്യഅവകാശം നൽകാനുളള​നിയമഭേദഗതി കൊണ്ടുവന്നു, ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതിക്ക് പിന്നിലും ലീലസേത്തിന്‍റെ കർമ്മകുശലത തിളങ്ങി.

എൽ ജി ബി ടി അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട ലീലസേത്ത് സ്വന്തം മകനും പ്രമുഖ എഴുത്തുകാരനുമായ വിക്രം സേത്തുമായി ബന്ധപ്പെടുത്തി എഴുതിയ ലേഖനം വളരെ പ്രശസ്തമായി. ” ഇന്ത്യ: യു ആർ ക്രിമിനൽ ഇഫ് ഗേ” എന്ന തലക്കെട്ടിൽ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനമാണ് ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളെ പിടിച്ചുലച്ച ചിന്തയിലേയ്ക്കും പുതിയ നിയമ ഭേദഗതികളുടെ ചർച്ചകളിലേയ്ക്കും നയിക്കുന്നതിന് കാരണമായ ഘടകങ്ങളിലൊന്ന്.  അവർ എഴുതി” എന്‍റെ പേര് ലീലാ സേത്ത്.  എനിക്ക് എൺപത്തി മൂന്ന് വയസായി.  എനിക്ക് അറുപത് വർഷത്തിലേറെയായ സന്തോഷകരമായ ഒരു വൈവാഹിക ജീവിതമുണ്ട്.  എനിക്ക് മൂന്ന് മക്കളുണ്ട്.  മൂത്തമകൻ വിക്രം, ഒരു എഴുത്തുകാരനാണ്.  രണ്ടാമത്തെ കുട്ടിയായ ശാന്തം ഒരു ബുദ്ധ അധ്യാപകനാണ്. മൂന്നാമത്തെയാളായ ആരാധന ഒരു ഫിലിം മേക്കറും ആർട്ടിസ്റ്റുമാണ്.  പക്ഷേ, ഞങ്ങളുടെ മൂത്ത മകൻ വിക്രം, ഇന്ന് ഒരു ക്രിമിനലാണ്, മനസ്സിലാക്കപ്പെടാത്ത, പിടിക്കപ്പെടാത്ത മഹാപാതകി”.

മനുഷ്യാവകാശങ്ങളെ കുറിച്ചുളള ആകുലതകളിൽ നിന്നുമാണ് ലീലാ സേത്ത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിഷ്ക്കരിക്കാനായി അവർക്കു സാധ്യമായതെല്ലാം ചെയ്തത്. അവരുടെ സംഭാവനകൾ​ വരും കാലത്തും അനുരണനം ചെയ്യുന്നവയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Leila seth a fighter for justice and voice of reason in these troubled times vikram seth biscut baron rajan pillai

Next Story
രാജ്‌നാഥ് സിംഗിനെ ഫെയ്‌സ്ബുക്ക് വീഡിയോ വഴി വിമർശിച്ച സിആർപിഎഫ് ജവാൻ കീഴടങ്ങിCRPF Jawan, Rajnath Singh, Facebook video, Sukma attack, CRPF, CRPF ADG, Delhi High Court
The moderation of comments is automated and not cleared manually by malayalam.indianexpress.com