/indian-express-malayalam/media/media_files/uploads/2021/07/dilip-kumar-1200-1.jpg)
ന്യൂഡല്‍ഹി: ഇതിഹാസ ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ജൂണ്‍ 30 ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. "ദീര്‍ഘകാലമായുള്ള അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ദിലീപ് കുമാര്‍ രാവിലെ ഏഴരയോടെ അന്തരിച്ചു," ഡോ. ജലീല്‍ പാര്‍ക്കര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2021/07/Dileep-Kumar-2.jpg)
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായാണ് ദിലീപ് കുമാറിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്നു. ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ ഇതിഹാസമെന്ന് ദിലീപ് കുമാര്‍ അറിയപ്പെടുന്നു. നാടകീയതകള്‍ ഒഴിവാക്കി സൂക്ഷ്മമായുള്ള അഭിനയമായിരുന്നു ദിലീപ് കുമാറിനെ വ്യത്യസ്തനാക്കിയിരുന്നത്.
ദേവ്ദാസ്, ഗുംഗ ജമുന, രാം ഓര്‍ ശ്യാം, നായ ദോര്‍, മധുമതി, ക്രാന്തി, വിദാത, ശക്തി ആന്‍ഡ് മാഷാല്‍ എന്നിവയാണ് പ്രശസ്തമായ സിനിമകള്‍.
ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ പെഷവറിലാണ് ദിലീപ് കുമാറിന്റെ ജനനം. 1944 ലാണ് സിനിമാ ജീവിതം ആരംഭിച്ചത്. ജ്വാര്‍ ഭട്ടയാണ് ആദ്യ സിനിമ. 1947 ല്‍ പുറത്തിറങ്ങിയ ജുഗ്നുവാണ് ബോക്സ് ഓഫിസില്‍ വിജയം നേടിയ ചിത്രം.
/indian-express-malayalam/media/media_files/uploads/2021/07/Dileep-Kumar-1.jpg)
1949 ല്‍ റിലീസായ അന്‍ഡാസ് എന്ന ചിത്രമാണ് ദിലീപ് കുമാറിന് താരപരിവേഷം നല്‍കിയത്. രാജ് കപൂറും നാര്‍ഗിസും സിനിമയുടെ ഭാഗമായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ആദ്യമായി സ്വന്തമാക്കിയത് ദിലീപ് കുമാറായിരുന്നു. പിന്നീട് എട്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
ഏറ്റവും അധികം അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ നടനെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും അദ്ദേഹം ഇടം പിടിച്ചു.1994 ല്‍ ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരവും 2015 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
ദിലീപ് കുമാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. "സിനിമയിലെ ഇതിഹാസമായി ദിലീപ് കുമാര്‍ ജി ഓര്‍മിക്കപ്പെടും. സമാനതകളില്ലാത്ത മികവായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമാണ്," മോദി ട്വിറ്ററില്‍ കുറിച്ചു.
Dilip Kumar Ji will be remembered as a cinematic legend. He was blessed with unparalleled brilliance, due to which audiences across generations were enthralled. His passing away is a loss to our cultural world. Condolences to his family, friends and innumerable admirers. RIP.
— Narendra Modi (@narendramodi) July 7, 2021
ദിലീപ് കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ആരാധക മനസിൽ എന്നും ജ്വലിച്ചുനിൽക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദിലീപ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ മഹാരാഷ്ട്ര സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.