അഗർത്തല: സിപിഎം സ്ഥാനാർത്ഥിയായിരുന്ന രമേന്ദ്ര നാരായൺ ദബർമ്മയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച ത്രിപുരയിലെ ചാരിലാൻ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ നിന്ന് ഇടതുപക്ഷം പിന്മാറി. മണ്ഡലത്തിലാകെ സിപിഎം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ അക്രമം നടന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

ഇത് സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതോടെയാണ് സിപിഎം തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. അതേസമയം ബിജെപി-ഐപിഎഫ്‌ടി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും സന്ദർശിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്തെത്തിയിട്ടുണ്ട്.

ചാരിലാൻ മണ്ഡലത്തിൽ, ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ജിഷ്ണു ദേബ്‌ബർമ്മനാണ് ബിജെപി സ്ഥാനാർത്ഥി. ഇവിടുത്തെ ആദിവാസി മേഖലയിലെ രാജകുടുംബാംഗമാണ് ഇദ്ദേഹം. ഐപിഎഫ്‌ടി നേതാക്കളെയും പ്രവർത്തകരെയുമാണ് സംസ്ഥാനത്ത് ബിജെപി തങ്ങളുടെ സ്ഥാനാർത്ഥികളായി മത്സരിപ്പിച്ചത്. പലാഷ് ദേബ്‌ബർമ്മയായിരുന്നു മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി.

ഇടതുമുന്നണി സംസ്ഥാന നേതൃ യോഗം ഐകകണ്ഠേനയാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്. മണ്ഡലത്തിൽ സിപിഎമ്മിന്റെയും ആർഎസ്‌പിയുടെയും 11 ഓഫീസുകൾ ആക്രമിക്കപ്പെടുകയും തീവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ മോട്ടോർ തൊഴിലാളി യൂണിയന്റെ രണ്ട് ഓഫീസുകൾ ബിജെപി പ്രവർത്തകർ കൈയ്യേറി. ഇടതുമുന്നണിയുടെ 19 നേതാക്കളാണ് ആക്രമിക്കപ്പെട്ടത്.

“ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് മണ്ഡലത്തിലേക്ക് പ്രവേശിക്കാൻ പോലും സാധിക്കുന്നില്ല. പൊലീസ് സുരക്ഷയിൽ പോലും സ്ഥാനാർത്ഥിക്ക് മണ്ഡലത്തിലേക്ക് കടക്കാൻ സാധിക്കാത്ത നിലയിലാണ് കാര്യങ്ങൾ,” സിപിഎം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ