ന്യൂഡൽഹി: രാജ്യം ഉറ്റു നോക്കിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് മിന്നും വിജയം. നാല് മേജര്‍ സീറ്റുകളിലും രണ്ടാം സ്ഥാനത്തെത്തിയ എബിവിപിയെ ബഹുദൂരം പിന്നിലാക്കിയാണ് എസ്എഫ്‌ഐ-ഐസ-ഡിഎസ‌‌്‌യു സ്ഥാനാര്‍ത്ഥികളുടെ വിജയം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ബാപ്‌സ മികച്ച പോരാട്ടം കാഴ്ച്ച വെച്ചു.

464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഐസയുടെ ഗീതാകുമാരി ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത 4620 വോട്ടുകളില്‍ 1506 വോട്ടുകളാണ് ഗീതാകുമാരിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാര്‍ഥി നിധി ത്രിപാഠിക്ക് 1042 വോട്ടാണ് ലഭിച്ചത്. സിമന്‍ സോയ ഖാനാണ് വൈസ് പ്രസിഡന്റ്(ഭൂരിപക്ഷം-848 വോട്ട്) ജനറല്‍ സെക്രട്ടറിയായി ഇടതുസ്ഥാനാര്‍ഥി ദുഗ്ഗിരാല ശ്രീകൃഷ്ണനും(ഭൂരിപക്ഷം-1107 വോട്ട്) ജോയന്റ് സെക്രട്ടറി സ്ഥാനാര്‍ഥി സുഭാന്‍ഷു സിങ്ങും(ഭൂരിപക്ഷം-835 വോട്ട്) വിജയിച്ചു.

കൗണ്‍സിലര്‍ സീറ്റുകളിലും വന്‍ വിജയം നേടി വിവിധ പഠന വിഭാഗങ്ങളിലും ഇടതു സഖ്യം ആധിപത്യമുറപ്പിച്ചു. ജനറല്‍ സീറ്റുകളിലേയ്ക്കുള്ള വോട്ടെണ്ണല്‍ പുലര്‍ച്ചയോടെയാണ് പൂര്‍ത്തിയായത്. ഫലപ്രഖ്യാപനം ഔദ്യോഗികമായി തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥി യൂണിയന്‍ ഇടതു സഖ്യം നേടിയിരുന്നു.

എ.ഐ.എസ്.എഫ്. ഇത്തവണ സഖ്യത്തില്‍ ചേരാതെ വേറെ മത്സരിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച, സിപിഐ മേതാവ് ഡി.രാജയുടെ മകൾ ആനി രാജ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ആരംഭിച്ച വോട്ടെണ്ണൽ ഞായറാഴ്ച പുലർചെയാണ് പൂർത്തിയായത്.

ഇടതു ഭിന്നിപ്പ് മുതലെടുത്ത് ജെഎന്‍യു പിടിച്ചെടുക്കാനുള്ള എബിവിപി യുടെ തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിട്ടാണ് ഇടത് സഖ്യത്തിന്റെ വിജയം വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ