ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇടത് വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് സുപ്രിയോ യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയത്. മന്ത്രിയെ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞുവച്ചു. ക്യാംപസില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ വാഴ്‌സിറ്റിയില്‍ എത്തിയ മന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ വിളികളുമായി എസ്‌എഫ്‌ഐ, എഐഎസ്എ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ വാഴ്‌സിറ്റിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മന്ത്രിയെ തടഞ്ഞുവച്ചതോടെ എബിവിപി സംഘടനയില്‍ നിന്നുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു.

Read Also: മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും; അഴിമതിക്കാര്‍ക്കെതിരെ പിണറായി

വിദ്യാര്‍ഥികളില്‍ നിന്ന് വളരെ മോശം അനുഭവങ്ങളുണ്ടായെന്ന് മന്ത്രി ബാബുല്‍ സുപ്രിയോ പറയുന്നു. “വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു. മുടി പിടിച്ചുവലിക്കുകയും അടിയ്ക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഞാനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് വന്ന് സംവദിക്കാമായിരുന്നു. എങ്ങോട്ടെങ്കിലും പോകുന്നതില്‍ നിന്ന് എന്നെ തടയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമില്ല. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെയാണ്” ബാബുല്‍ സുപ്രിയോ പറഞ്ഞു.

യൂണിവേഴ്‌സിറ്റിലെത്തിയ ഗവർണർ ബാബുൽ സുപ്രിയോയെ കാറിൽ കയറ്റി കൊണ്ടുപോകുന്നു

Read Also: ജയിലില്‍ തലയിണയോ കസേരയോ ഇല്ല; നടുവേദനയുണ്ടെന്ന് ചിദംബരം

ബിജെപിക്ക് ക്യാംപസില്‍ സ്ഥാനമില്ലെന്ന് പറഞ്ഞായിരുന്നു ഇടത് വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ തനിക്ക് എങ്ങോട്ടു പോകാനും അവകാശമുണ്ടെന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു. പ്രതിഷേധത്തിനിടയില്‍ തന്നെ ബാബുല്‍ സുപ്രിയോ എബിവിപിയുടെ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ വീണ്ടും പ്രകോപിതരായി. മന്ത്രിയെ ഇടത് വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു. സംഘര്‍ഷത്തിനിടയില്‍ മന്ത്രിയുടെ കണ്ണട തെറിച്ചു താഴെവീണു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി മന്ത്രിയ്ക്ക് സുരക്ഷയൊരുക്കി.

വാഴ്‌സിറ്റിയിലെ പ്രശ്‌നങ്ങളറിഞ്ഞ് ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കര്‍ സ്ഥലത്തെത്തി. ഗവര്‍ണറുടെ കാറില്‍ കേന്ദ്രമന്ത്രിയെ കയറ്റി രക്ഷപ്പെടാനുള്ള നീക്കം നടത്തിയെങ്കിലും വിദ്യാര്‍ഥികള്‍ ഇരുവരെയും തടയാന്‍ ശ്രമിച്ചു. ഒടുവില്‍ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ വാഹനത്തില്‍ ബാബുല്‍ സുപ്രിയോ വാഴ്‌സിറ്റിയില്‍ നിന്ന് മടങ്ങി. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു. ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്രമന്ത്രിക്കെതിരെ നടന്ന കയ്യേറ്റത്തെ ഗവര്‍ണറും അപലപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook