തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. അദ്ധ്യാപക-രക്ഷാകർതൃ സമിതി എല്ലാ കോളേജിലും നിർബന്ധമാക്കിയതിനൊപ്പം അദ്ധ്യാപക നിയമനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനും വിദ്യാർത്ഥി യൂണിയനുകൾ എല്ലായിടത്തും രൂപീകരിക്കുന്നതിനും ഇന്റേണൽ മാർക്ക് പീഡനങ്ങൾ ഇല്ലാതാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം.

സ്വാശ്രയ കോളേജുകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് സർവ്വകലാശാല ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. യോഗ്യതകളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ഇവർക്ക് സർക്കാർ നിശ്ചയിക്കുന്ന ഫീസും നൽകണമെന്നാണ് നിർദ്ദേശം. മാനേജ്മെന്റുകൾ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുന്ന അദ്ധ്യാപകരാണ് വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ മുന്നിൽ നിൽക്കുന്നതെന്നാണ് വൈസ് ചാൻസലർമാർ യോഗത്തിൽ അഭിപ്രായപ്പെട്ടത്.

പൂർണ്ണമായും വിദ്യാർത്ഥി പക്ഷത്ത് നിന്നാണ് യോഗം വിഷയം ചർച്ച ചെയ്‌തത്. വിദ്യാർത്ഥികൾക്ക് എതിരായ പീഡനങ്ങൾ ഇല്ലാതാക്കാൻ എല്ലാ കോളേജുകളിലും വിദ്യാർത്ഥി യൂണിയൻ നിർബന്ധമാക്കും. അദ്ധ്യാപക-രക്ഷാകർതൃ സമിതിയും ഇതോടൊപ്പം ശക്തിപ്പെടുത്തും. സർവ്വകലാശാലകൾ സ്വാധീനത്തിന് വഴങ്ങി ഇത്തരം കാര്യങ്ങളിൽ പിന്നോട്ട് പോകുന്നതായി യോഗം വിമർശിച്ചു. ഇനി ഇതുണ്ടാവില്ലെന്ന് ഉറപ്പുവരുത്തും.

വിദ്യാർത്ഥികളെ ഏറെ അലട്ടുന്ന ഇന്റേണൽ മാർക്ക് എടുത്ത് കളയണമെന്ന നിർദ്ദേശം നാല് വൈസ് ചാൻസലർമാരാണ് ഉന്നയിച്ചത്. ഭൂരിപക്ഷാഭിപ്രായം മറിച്ചായതിനാൽ ഇത് നടപ്പിലായില്ല. എങ്കിലും ഇന്റേണൽ മാർക്ക് വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ അദ്ധ്യാപകർ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതത് ഡിപ്പാർട്മെന്റിലും കോളേജിലും സർവ്വകലാശാലയിലുമായി മൂന്ന് തലങ്ങളിലായി വിദ്യാർത്ഥികളുടെ പരാതി പരിഗണിക്കാൻ സമിതികളുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുന്നില്ലെന്ന് വൈസ് ചാൻസലർമാർ നിരീക്ഷിച്ചു.

ഇന്റേണൽ മാർക്ക് സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാല് വൈസ് ചാൻസലർമാർക്കാണ് ചുമതല. അതേസമയം കോളേജുകളിൽ വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. മന്ത്രിമാരായ കെ.കെ.ശൈലജ, ജെ.മേഴ്സിക്കുട്ടിയമ്മ, വി.കെ.സുനിൽകുമാർ, സി.രവീന്ദ്രനാഥ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ