ചെന്നൈ: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പൊലീസുകാരെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണമെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലൈ. ഒരു പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം വര്‍ഗീയവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും ലീന മണിമേഖലൈ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചു.

ഈ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകയ്ക്ക് പകരം എല്ലാ കേന്ദ്രങ്ങളിലും, അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ രക്തം പുരണ്ട വയലറ്റ് നിറത്തിലുള്ള ഉടുപ്പ് ഉയര്‍ത്തണമെന്നും ലീന മണിമേഖലൈ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ തിങ്കളാഴ്ച പൊലീസ് സമര്‍പ്പിച്ച 18 പേജുളള കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജനുവരി 10ന് കാണാതായ കുട്ടിയുടെ മൃതദേഹം 7 ദിവസത്തിന് ശേഷം സമീപത്തെ വനപ്രദേശത്ത് നിന്നായിരുന്നു കണ്ടെത്തിയത്. ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, പര്‍വേസ് കുമാര്‍ എന്നീ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, എഎസ്‌ഐ ആനന്ദ് ദുട്ട എന്നിവരും കൂട്ടുനിന്നു.

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഇയാളുടെ മകനും അനന്തിരവനും കുറ്റം ചെയ്യാന്‍ കൂട്ടുനിന്നു. ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കര്‍വാള്‍ മുസ്‌ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസിച്ചതിനോടുള്ള പ്രതികാരമാണ് ഇതെന്നാണ് ആരോപണം.

കസാന ഗ്രാമവാസിയായ കുട്ടിയെ ജനുവരി പത്തിന് കാണാതാവുകയായിരുന്നു. വീട്ടിലെ കുതിരകളുമായി കുളക്കരയിലേക്ക് പോയ കുട്ടിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞ് കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ജനുവരി 12നാണ് പെണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്. ജനുവരി 7ന് ദീപക് ഖജൂരിയ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുട്ടിയെ മയക്കാനായി മരുന്ന് വാങ്ങി വച്ചു. ജനുവരി 10ന് സഞ്ജി റാം തന്റെ അനന്തിരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ തന്റെ സുഹൃത്തായ പര്‍വേസ് കുമാറിനോട് പദ്ധതി വെളിപ്പെടുത്തി. ഇയാളുടെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകും വഴി ഇരുവരും കാട്ടില്‍ വച്ച് പീഡിപ്പിച്ചു.

ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കുട്ടിയെ ഒളിപ്പിച്ച ഇവര്‍ സഞ്ജി റാമിനെ വിവരം അറിയിച്ചു. റാം കുട്ടിക്ക് വീണ്ടും മയക്കുമരുന്ന് നല്‍കി ഉറക്കി കിടത്തി. ജനുവരി 11ന് റാമിന്റെ അനന്തിരവന്‍ വിശാല്‍ ജന്‍ഗോത്ര എന്ന മറ്റൊരു പ്രതിയെ മീററ്റില്‍ നിന്നും വിളിച്ച് വരുത്തി കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം ഉണ്ടാക്കി. ജനുവരി 12നാണ് ഇരുവരും ചേര്‍ന്ന് ദേവസ്ഥാനത്തെത്തി ഭക്ഷണം പോലും കഴിക്കാതിരുന്ന കുട്ടിക്ക് വീണ്ടും 3 മയക്കു ഗുളികകള്‍ നല്‍കിയത്. ഇതിനിടെ ഖജൂരിയയും മറ്റ് പൊലീസുകാരുമായി റാം പണം നല്‍കി കുറ്റം മറച്ച് വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 12നാണ് പൊലീസുകാര്‍ക്ക് 1.5 ലക്ഷം രൂപ റാം നല്‍കിയത്. ആ ദിവസങ്ങളിലൊന്നും കുട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ പോലും അവര്‍ക്ക് തോന്നിയിട്ടില്ല. കാണാതായ കുഞ്ഞിനെ അന്വേഷിക്കുന്ന പൊലീസുകാര്‍ക്കറിയാമായിരുന്നു ആ അമ്പലത്തില്‍ ജീവനോടെ അവളുണ്ടെന്നും നിരന്തരം ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും. ജനുവരി 13ന് ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയ റാം കുട്ടിയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ അനന്തിരവനും ജനഗോത്രയും പാതി മരിച്ച എട്ടു വയസുകാരിയെ വീണ്ടും പീഡിപ്പിച്ചു.

പ്രാര്‍ത്ഥനാ മുറിയില്‍ ദിവസങ്ങള്‍ സൂക്ഷിച്ച കുട്ടിയെ ‘ഇത് ഇവളെ തീര്‍ക്കാനുളള സമയമാണ്’ എന്ന് റാം ജനുവരി 13ന് പറഞ്ഞു. ജനഗോത്രയും ഇയാളുടെ അനന്തിരവനും ചേര്‍ന്ന് കുട്ടിയെ ഒരു കലുങ്കിന് അടുത്തേക്ക് എടുത്ത് കൊണ്ടു പോയി. എന്നാല്‍ സ്ഥലത്തെത്തിയ ഖജൂരിയ (പൊലീസുകാരന്‍) കൊല്ലുന്നതിന് മുമ്പ് കുട്ടിയെ തനിക്ക് അവസാനമായി ഒന്ന് പീഡിപ്പിക്കണമെന്ന് പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു.

പീഡിപ്പിച്ചതിന് ശേഷം ഇടത് തുട കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് ഖജൂരിയ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ കുട്ടി മരിക്കാത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത അനന്തിരവനും സഹായിച്ചു. കുട്ടി മരിച്ചെന്ന് ഉറപ്പ് വരുത്താനായി കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. അന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചു. തുടര്‍ന്ന് ജനുവരി 15നാണ് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത്. പൊലീസുകാരനായ ഖജൂരിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാക വീശി ബിജെപി, ഹിന്ദു ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook