ന്യൂഡൽഹി: അബുദാബി രാജകുടുംബാംഗത്തിന്റെ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ലീല പാലസ് ഹോട്ടലിൽ മാസങ്ങളോളം താമസിച്ച് ബിൽ അടയ്ക്കാതെ മുങ്ങിയയാൾ പിടിയിൽ. സ്വദേശമായ കർണാടകയിലെ പുട്ടൂർ ജില്ലയിൽനിന്നാണ് മുഹമ്മദ് ഷരീഫ് എന്നയാളെ അറസ്റ്റ് ചെയ്തത്.
അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ജീവനക്കാരനെന്ന വ്യാജേന പ്രതി കഴിഞ്ഞ വർഷം മൂന്ന് മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് ബില്ലടക്കാതെ മുങ്ങുകയായിരുന്നു. ഹോട്ടലിൽനിന്നും വിലപിടിപ്പുള്ള വസ്തുക്കൾ ഇയാൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. 23 ലക്ഷം രൂപയാണ് ഇയാൾ ഹോട്ടലിൽ ബിൽ അടയ്ക്കാനുള്ളത്.
ബ്രാൻഡഡ് ഷൂസുകളും വസ്ത്രങ്ങളും കാറുകളുമാണ് ഷരീഫിന്റെ ഇഷ്ടമെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിൽ അല്ലാതെ അയാൾക്ക് ഉറങ്ങാൻ കഴിയില്ലെന്നാണ് ഉദ്യോഗ്സഥർ പറയുന്നത്. ”മണിക്കൂറുകളോളം ഞങ്ങൾ അയാളെ ചോദ്യം ചെയ്തു. ഷെയ്ഖിന്റെ ജീവിതശൈലിയോട് തനിക്കേറെ ഇഷ്ടം തോന്നിയെന്നും ആ ജീവിതം ഇന്ത്യയിൽ ജീവിക്കണമെന്നും ആഗ്രഹിച്ചു. താൻ ധരിച്ചിരിക്കുന്ന ഷൂസിന് ഒരു ലക്ഷം രൂപ വിലയുണ്ടെന്ന് പറഞ്ഞു. 10,000 രൂപയ്ക്കാണ് തന്റെ ടീ ഷർട്ട് വാങ്ങിയതെന്ന് അയാൾ അവകാശപ്പെട്ടു,” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കർണാടകയിൽനിന്നാണ് ഷെരീഫ് ഫിനാൻസ് ആൻഡ് ബിസിനസ് മാനേജ്മെന്റിൽ എംബിഎ നേടിയത്. 7-10 വർഷത്തോളം ഇയാൾ ദുബായിൽ താമസിക്കുകയും വിവിധ ജോലികൾ ചെയ്തതായും പൊലീസ് പറഞ്ഞു. വിവാഹിതനല്ലാത്ത ഇയാൾ ഷെയ്ഖിനൊപ്പം നിരന്തരം യാത്ര ചെയ്തിരുന്നു. 2020 ലാണ് ഇന്ത്യയിൽ മടങ്ങി എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
”പൂട്ടൂരിൽ ഇയാൾ അധിക നാൾ താമസിച്ചില്ല. മുംബൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ 6-8 മാസം താമസിച്ചു. അവിടെ ബില്ല് ഏകദേശം 80-90 ലക്ഷം രൂപയാണെന്ന് ഞങ്ങൾക്ക് രഹസ്യാന്വേഷണത്തിൽ വിവരം ലഭിച്ചു. ഹോട്ടലുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്, കുറച്ച് സമയത്തിനുള്ളിൽ കൃത്യമായ വിശദാംശങ്ങൾ ലഭിക്കും. ബിൽ അടയ്ക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഹോട്ടൽ ജീവനക്കാർ പിടികൂടുകയും 50-60 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. അയാൾക്ക് ആസ്തികളുണ്ടെങ്കിലും നിലവിൽ തൊഴിൽരഹിതനാണ്,” ഓഫിസർ പറഞ്ഞു.
”സർക്കാരിന്റെയും രാജകുടുംബത്തിന്റെയും (അബുദാബിയിലെ) ഒരു പ്രധാന വ്യക്തിയെന്ന നിലയിലാണ് ഇയാൾ അഭിനയിച്ചത്. ഹോട്ടൽ ജീവനക്കാരോട് അബുദാബിയിലെ തന്റെ ജീവിതത്തെക്കുരിച്ച് ഇയാൾ എപ്പോഴും സംസാരിച്ചു. വിലകൂടിയ ഷൂസുകളാണ് ധരിച്ചിരുന്നത്. അതിനാൽതന്നെ ആർക്കും സംശയം തോന്നിയില്ല,” ഡിസിപി മനോജ്.സി പറഞ്ഞു.