സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടർ ചിപ്പുകൾ എന്നിവയുടെ ആഗോള ഭീമനായി സാംസങിനെ ഉയർത്തിയ ലീ കുൻ-ഹീ അന്തരിച്ചു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. വൈറ്റ് കോളർ കുറ്റ കൃത്യങ്ങൾക്ക് രണ്ടു തവണ സർക്കാർ ശിക്ഷിക്കുകയും മാപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ലീയുടെ മരണം സാംസങ് സ്ഥിരീകരിച്ചെങ്കിലും മരണ കാരണം വ്യക്തമാക്കിയിട്ടില്ല. 2014 ൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു.
പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരമേറ്റെടുത്തത്. അക്കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളിൽ പലരും ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് യൂണിറ്റിനെ അറിയുന്നത് വിലകുറഞ്ഞ ടെലിവിഷനുകളുടെയും വിശ്വസനീയമല്ലാത്ത മൈക്രോവേവ് ഓവനുകളുടെയും നിർമ്മാതാവായിട്ടായിരുന്നു. പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്ക്ട്രോണിക്സ് നിര്‍മാതാക്കളാക്കി മാറ്റിയത്.
Read More: മനുസ്മൃതിയെ വിമർശിച്ച ദലിത് നേതാവിനെതിരെ കേസെടുത്തു
ലീ കുൻ-ഹീ കമ്പനിയെ സാങ്കേതികമായി ഉയർത്തി. 1990 കളുടെ തുടക്കത്തിൽ സാംസങ്, ജാപ്പനീസ്, അമേരിക്കൻ എതിരാളികളെ മറികടന്ന് മെമ്മറി ചിപ്പുകളിൽ ഒരു പേസെറ്ററായി മാറി. 2000ങ്ങളിൽ സെൽഫോണുകൾ പവർഹ ഹൌസ് കമ്പ്യൂട്ടിംഗ് ഉപകരണങ്ങളായി മാറിയപ്പോൾ മൊബൈൽ മാർക്കറ്റിൽ മധ്യ നിരയിൽ നിന്നും കമ്പനി ഉയരങ്ങൾ കീഴടക്കി.
ഇന്ന് ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥയുടെ ഒരു മൂലക്കല്ലാണ് സാംസങ് ഇലക്ട്രോണിക്സ്. സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്.
1987 മുതൽ 1998 വരെ സാംസങ് ഗ്രൂപ്പ് ചെയർമാനും 1998 മുതൽ 2008 വരെ സാംസങ് ഇലക്ട്രോണിക്സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും 2010 മുതൽ സാംസങ് ഇലക്ട്രോണിക്സ് ചെയർമാനും ആയിരുന്ന ലീ, ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായിരുന്നു. 2014 മുതല്‍ ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്.
Read in English: Lee Kun-hee of Samsung dies at 78; built an electronics titan