ന്യൂഡൽഹി: സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ വാട്സാപ് ഉപേക്ഷിച്ച് മറ്റൊരു ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഡൽഹി ഹൈക്കോടതി. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ ഇക്കാര്യം പറഞ്ഞത്. “വാട്സാപ് ഉപേക്ഷിക്കുക. മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് മാറുക. ഇതൊരു സ്വമേധയാ എടുക്കാവുന്ന തീരുമാനമാണ്. പോളിസി അംഗീകരിക്കാതിരിക്കാം,” ജസ്റ്റിസ് സച്ച്ദേവ പറഞ്ഞു. വാദം ജനുവരി 25 ലേക്ക് മാറ്റി.

ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ സെൻസിറ്റീവ് ലൊക്കേഷൻ ഡാറ്റയോ വാട്സാപ് ഫെയ്‌സ്‌ബുക്കുമായി പങ്കിടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ സമർപ്പിച്ചത്.

“വാട്സാപ് മാത്രമല്ല, എല്ലാ ആപ്ലിക്കേഷനുകളും ഇത് ചെയ്യുന്നു. നിങ്ങൾ ഗൂഗിൾ മാപ് ഉപയോഗിക്കുന്നുണ്ടോ? ഇത് നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ?,” ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ ഹർജിക്കാരനോട് ചോദിച്ചു.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം നടപ്പാക്കുന്നതിനെതിരെ നിരോധന ഉത്തരവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ “ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ്” എന്ന് പറയുന്നു.

വാട്സാപ് ഉപയോക്താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ഫെയ്സ്ബുക്കിനോ, മറ്റ് കമ്പനികൾക്കോ ഏതെങ്കിലും ആവശ്യങ്ങൾക്കായി നൽകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.

പുതിയ സ്വകാര്യതാനയത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മേയ് 15 വരെ നയം നടപ്പാക്കില്ലെന്ന് വാട്‌സാപ് അറിയിച്ചു. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചത്. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഉപയോക്താക്കൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റിയ ശേഷം പുതിയ സ്വകാര്യതാനയം നടപ്പിലാക്കിയാൽ മതിയെന്നാണ് വാട്‌സാപ്പിന്റെ നിലപാട്.

ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും വാട്‌സാപ് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ് കമ്പനിക്കോ, ഫെയ്‌സ്‌ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook