ന്യൂഡല്‍ഹി: ലഭ്യമായ മാര്‍ഗങ്ങളിലൂടെ യുക്രൈന്‍ വിടണമെന്ന് പൗരന്മാരോട് നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
ഒക്ടോബര്‍ 19-നായിരുന്നു ആദ്യ ഉത്തരവ്. യുക്രൈനില്‍ സുരക്ഷാ സാഹചര്യങ്ങള്‍ തകരുന്നതിനാല്‍ തിരികെ എത്തിയ വിദ്യാര്‍ഥികള്‍ മടങ്ങി പോകണമെന്നായിരുന്നു പ്രധാന നിര്‍ദേശം. യുക്രൈനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി അറിയിച്ചിരുന്നു.
ആദ്യ ഉത്തരവില്‍ എത്രയും പെട്ടെന്ന് പൗരന്മാര്‍ യുക്രൈന്‍ വിടാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും പറഞ്ഞിരുന്നു.
അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിന് എന്തെങ്കിലും മാർഗനിർദേശത്തിനോ സഹായത്തിനോ പൗരന്മാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്. +380933559958, +380635917881, +380678745945 എന്നിവയാണ് നമ്പരുകള്‍.
ഹംഗറി, സ്ലോവാക്കിയ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി വഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുക്രൈനില്‍ നിന്ന് പുറത്തു കടക്കാമെന്നും എംബസി പറയുന്നു.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനായി നിരവധി വിദ്യാര്‍ഥികള്‍ യുക്രൈനിലേക്ക് മടങ്ങിയിരുന്നു. ഒക്ടോബര്‍ എട്ടിനുണ്ടായ കെര്‍ച്ച് ബ്രിഡ്ജ് ആക്രമണത്തിന് പിന്നാലെയാണ് എംബസി പുതിയ ഉത്തരവുകള്‍ പുറത്തിറക്കിയത്.