ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപദേശം നല്‍കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളള. അടല്‍ ബിഹാരി വാജ്പേയിയെ പോലെ സഹിഷ്ണുതയുളള വ്യക്തിയാവണമെന്ന് അദ്ദേഹം മോദിയോട് പറഞ്ഞു. ബിജെപിക്ക് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുളള അജണ്ടയാണെന്നും ഫറൂഖ് അബ്ദുളള പറഞ്ഞു.

‘ജവഹര്‍ലാല്‍ നെഹ്റു ആദ്യമായി റെഡ്ഫോര്‍ട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ ഭിന്നിപ്പിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയേയും പാക്കിസ്ഥാനേയും വിഭജിച്ചു. ഭിന്നിപ്പിക്കുന്ന അജണ്ടയുമായി ബിജെപി മുന്നോട്ട് പോയാല്‍ രാജ്യം പലതായി ഭിന്നിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.

‘ശ്രീരാമന്‍ തങ്ങളുടേത് ആണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ വിശുദ്ധ പുസ്തകങ്ങളില്‍ പറയുന്നത് ഭഗവാന്‍ രാമന്‍ ലോകത്തെ എല്ലാവരുടേയും ആണ്. ഹിന്ദുക്കളുടേത് മാത്രമല്ല. വാജ്പേയിയെ പോലെ ക്ഷമയും സഹിഷ്ണുതയും ഉളളയാളാവണം മോദി. അദ്ദേഹം പ്രധാനമന്ത്രിയാണ്. അതിന്റെ നിലവാരത്തിലേക്ക് മോദി ഉയരണം,’ ഫറൂഖ് അബ്ദുളള പറഞ്ഞു.

‘സഹിഷ്ണുത പഠിക്കണം മോദി സാഹിബ്. ഈ രാജ്യം ഭരിക്കണമെങ്കില്‍ സഹിഷ്ണുത കാണിച്ച് എല്ലാ ജനങ്ങളാലും സ്വീകാര്യനാവണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവണം. വാജ്പേയിയെ പോലെ സഹിഷ്ണുതയുളളവനായി മാറണം,’ അദ്ദേഹം പറഞ്ഞു. നെഹ്റു കാരണമാണ് രാജ്യം ഇപ്പോള്‍ ഐക്യത്തോടെ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ