ബെംഗളൂരു: സ്‌കൂളുകള്‍ക്കു ശേഷം ബാങ്കുകളിലും കന്നഡ നിര്‍ബന്ധമാക്കാന്‍ കര്‍ണ്ണാടകം ഒരുങ്ങുന്നു. പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ, ഗ്രാമീണ ബാങ്കിലെ ജീവനക്കാര്‍ നിര്‍ബന്ധമായും കന്നഡ പഠിച്ചിരിക്കണമെന്ന് ബാങ്കുകളുടെ റീജിയണല്‍ ഹെഡുമാര്‍ക്ക് കര്‍ണാടക ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നല്‍കി. ആറു മാസത്തെ സമയമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം ഇവരുടെ ജോലി നഷ്ടപ്പെടുന്നതായിരിക്കുമെന്നും കെഡിഎ അറിയിച്ചു.

നിരവധി തവണ ബാങ്കുകള്‍ക്ക് ഈ വിഷയം സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ബാങ്ക് അധികാരികള്‍ ഇത് നടപ്പാക്കുന്നതില്‍ താത്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ഡെഡ്‌ലൈന്‍ നല്‍കിയതെന്ന് കെഡിഎ ചെയര്‍മാന്‍ എസ്ജി സിദ്ധരാമയ്യ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഒരു ബാങ്കുകളും ഇതുവരെ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ല. ഇവിടെ ബാങ്കുകളെ ആശ്രയിക്കുന്നവരില്‍ കൂടുതല്‍ പേരും കന്നഡ മാത്രം ഉപയോഗിക്കുന്ന സാധാരണക്കാരാണ്. അവരെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഭാവിയിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഇതു നടപ്പാക്കേണ്ടതുണ്ട്. ബാങ്കുകള്‍ പ്രാദേശിക ഭാഷയെ ബഹുമാനിക്കുന്നില്ല എന്നത് ഗുരുതരമായ വിഷയമാണ്. അതിനാല്‍ ജീവനക്കാര്‍ക്ക് ആറുമാസത്തിനുള്ളില്‍ ഭാഷ പഠിക്കാനായുള്ള നടപടികള്‍ ഇവര്‍ സ്വീകരിക്കണം.’ അദ്ദേഹം പറഞ്ഞു.

ഓരോ ശാഖയുടെയും പരിസരങ്ങളിലായി കന്നഡ പഠിപ്പിക്കുന്ന സെന്ററുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലുള്ള ഫോമുകളും ചലാനും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്. പരസ്യങ്ങളിലും വാര്‍ഷിക റിപ്പോര്‍ട്ടുകളിലുമുള്‍പ്പെടെ മൂന്നു ഭാഷകള്‍ ഉപയോഗിക്കും എന്നകാര്യം ഇവര്‍ ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ഫോമുകള്‍ കന്നഡയില്‍ പൂരിപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുണം. ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ബാങ്കുകളിലാണ് ഇതിന്റെ ആവശ്യകത കൂടുതലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

പുതിയ നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും നിരവധി ബാങ്കുകൾ ഇതിനോടകം തന്നെ തങ്ങളുടെ ജീവനക്കാരോട് കന്നഡ പഠിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ