ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പൊലീസ് പരീക്ഷാ കണ്‍ട്രോളറും സിബിഎസ്ഇയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അടക്കം 30 പേരെ ഇതിനകം ചോദ്യം ചെയ്തു. ചോര്‍ന്ന പേപ്പര്‍ 1000 ത്തോളം വിദ്യാര്‍ത്ഥികളിലേക്ക് എത്തിയതായി പൊലീസ് വ്യക്തമാക്കി. 35,000 രൂപ വീതം വാങ്ങിയാണ് ചോദ്യപേപ്പര്‍ നല്‍കിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഈ പേപ്പറുകള്‍ രക്ഷിതാക്കള്‍ മറ്റുളളവര്‍ക്ക് കൈമാറിയപ്പോള്‍ 5,000 രൂപ വീതം വാങ്ങിയതായും ക്രൈംബ്രാഞ്ച് അരിയിച്ചു.

പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്ഇയും പൊലീസും അറിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ എഫ്ഐആറില്‍ ഐടി നിയമം ലംഘനവും ചുമത്തും. അതേസമയം ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിബിഎസ്ഇയുടെ അനാസ്ഥയ്ക്കെതിരെ ഡല്‍ഹിയില്‍ സിബിഎസ്ഇ അസ്ഥാനത്ത് വ്യാപകമായ രീതിയില്‍ പ്രതിഷേധം നടക്കുകയാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തില്‍ പ്രതിരോധത്തിലായതോടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍‌ശന നടപടിയുമായി മുന്നോട്ട് പോകാനാണ് പൊലീസിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്ന് ഇന്നലെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ വ്യക്തമാക്കിയിരുന്നു. വാട്ട്സ്ആപ്പ് അടക്കമുള്ള നവ മാധ്യങ്ങളിലൂടെയുള്ള ചോര്‍ത്തല്‍ ആയതിനാല്‍ കുറ്റം ഐടി നിയമ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പുതിയ പരീക്ഷാ തിയതി തിങ്കളാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ