ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറുടെ ചുമതലയില്‍ നിന്ന് അലോക് വര്‍മ്മയെ മാറ്റിയ സംഭവത്തില്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 29ലേക്ക് മാറ്റി. ഒപ്പം അഴിമതിക്കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടും, അലോക് വര്‍മ്മ നല്‍കിയ മറുപടിയും ചോര്‍ന്നതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അതൃപ്തി പ്രകടിപ്പിച്ചു.

മറുപടി നൽകാന്‍ അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ കൂടുതല്‍ സമയം ചോദിച്ച കേസില്‍ വിചാരണയ്ക്കുള്ള അര്‍ഹത പോലും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. അലോക് വര്‍മ്മയ്‌ക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ടും അതിന് അദ്ദേഹം സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചു.

തിങ്കളാഴ്ചയാണ് മുദ്രവച്ച കവറില്‍ സെക്രട്ടറി ജനറലിന് ആലോക് വര്‍മ മറുപടി നല്‍കിയത്. എന്നാല്‍ ഇതൊരു ന്യൂസ് പോര്‍ട്ടലില്‍ വന്നത് തന്നെയും ഞെട്ടിച്ചുവെന്ന് ഫാലി എസ്.നരിമാൻ പറഞ്ഞു.

പ്രതിയെ സഹായിക്കാന്‍ രണ്ട് കോടി കൈക്കൂലി വാങ്ങി എന്നതടക്കം, അലോക് വര്‍മ്മക്കെതിരെ ഉയര്‍ന്ന അഴിമതി അന്വേഷണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടും, ഇതിന് അലോക് വർമ്മ നല്‍കിയ മറുപടിയും രഹസ്യമാക്കി സൂക്ഷിക്കണം എന്ന വ്യവസ്ഥയോടെയാണ് അറ്റോര്‍ണി ജനറല്‍, സോളിസിറ്റല്‍ ജനറല്‍, അലോക് വര്‍മ്മ എന്നിവര്‍ക്ക് മുദ്ര വച്ച കവറില്‍ കൈമാറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ