ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന നടപടിയെ പിന്തുണച്ചും എതിർത്തും രാഷ്ട്രീയ നേതാക്കൾ. സമൂഹമാധ്യമങ്ങളിലും ഹെെദരാബാദ് വിഷയമാണ് ചൂടേറിയ ചർച്ചാ വിഷയം. ഇത്തരം ഏറ്റുമുട്ടൽ കൊലകൾ നിയമവിധേയമാക്കണമെന്ന് ബിജെപിയുടെ നിയമ‌വക്‌താവ് ലോക്കറ്റ് ചാറ്റർജി പറഞ്ഞു. രാജ്യത്തിനുവേണ്ടി ഏറ്റവും നല്ല കാര്യമാണ് പൊലീസ് ചെയ്‌തിരിക്കുന്നത്. രാവിലെ എഴുന്നേറ്റ് ഇങ്ങനെയൊരു വാർത്ത കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഇരയായ പെൺകുട്ടിക്ക് നീതി ലഭിച്ചിരിക്കുന്നു. ലോക്കറ്റ് ചാറ്റർജി പറഞ്ഞു.

അതേസമയം, തെലങ്കാനയിലെ ബിജെപി ഏറ്റുമുട്ടൽ കൊലയെ അതിശക്തമായി എതിർത്തു. കൂട്ടബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്. അതിനെ ബിജെപി അപലപിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യ ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്നും ഭരണഘടനയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നും തെലങ്കാന ബിജെപി വക്താവ് കെ. കൃഷ്ണസാഗര്‍ റാവു പ്രതികരിച്ചു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. ആക്രമണത്തിന് വിധേയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി കൃഷ്ണസാഗര്‍ റാവു ചൂണ്ടിക്കാട്ടി.

Read Also: തെലങ്കാന: സജ്ജനാറിനു കീഴില്‍ ഏറ്റുമുട്ടല്‍കൊല രണ്ടാംവട്ടം

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടതിൽ ആശങ്കയുണ്ടെന്ന് ഡൽഹി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഏറ്റുമുട്ടൽ കൊലയിൽ ജനങ്ങൾ സന്തോഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. ഏറ്റുമുട്ടൽ കൊലയെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് വെെഎസ്ആർ കോൺഗ്രസ് എംപി കനുമുരു രാമകൃഷ്‌ണ പറഞ്ഞു. ഒരിക്കലും ഇല്ലാത്തതിനേക്കാൾ ഭേദമാണ് വെെകിയിട്ടെങ്കിലും നീതി നടപ്പിലായത് എന്നാണ് രാജ്യസഭാ എംപി ജയ ബച്ചൻ പറഞ്ഞത്.

ദേശീയ വനിതാ കമ്മീഷൻ ഏറ്റുമുട്ടൽ കൊലയെ അതിശക്തമായി എതിർത്തു. ബലാത്സംഗം ചെയ്‌തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എന്നാൽ, അവർക്കെതിരെ വധശിക്ഷ വിധിക്കേണ്ടത് നിയമത്തിന്റെ വഴിയിലൂടെ വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ രേഖാ ശർമ പറഞ്ഞു. അതേസമയം, ഏറ്റുമുട്ടൽ കൊലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെലങ്കാന പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഹൈദരാബാദ് പീഡനക്കേസ്: പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന നടപടിയെ വിമർശിച്ച് ബിജെപി നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി രംഗത്തെത്തി. ആർക്കും ആരെയും കൊല്ലാനുള്ള സ്വാതന്ത്ര്യമില്ലെന്ന് മനേക ഗാന്ധി പറഞ്ഞു. നിങ്ങൾക്ക് ഒരാളെ കൊല്ലണമെന്നുണ്ടെങ്കിൽ പോലും അത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് മനേക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. “നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. കോടതി അവരെ ശിക്ഷിക്കട്ടെ. കോടതി അവർക്ക് തൂക്കുകയർ വിധിക്കട്ടെ. വളരെ അപകടകരമായ കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടത് നിയമത്തിന്റെ വഴിയിലൂടെയാണ്.” മനേക ഗാന്ധി പറഞ്ഞു. അതേസമയം, വനിത ഡോക്‌ടറുടെ കൊലപാതകത്തെ നിഷ്‌ഠൂരമായ കാര്യമെന്നും മനേക ഗാന്ധി വിശേഷിപ്പിച്ചു. കോൺഗ്രസ് എംപി ശശി തരൂരും സംഭവത്തെ എതിർത്ത് രംഗത്തെത്തി. പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന നടപടിയല്ലെന്ന് ശശി തരൂർ പറഞ്ഞു.

ഹെെദരാബാദ് വിഷയത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളും ചർച്ച ചെയ്യുന്നത്. പൊലീസ് നടപടിയെ എതിർത്തും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook