/indian-express-malayalam/media/media_files/pqyZOAhMYeyWixpzucuN.jpg)
Kerala State Budget Updates
തിരുവനന്തപുരം: സംസ്ഥാനത്തിൻറെ സാമ്പത്തിക ഭദ്രതയെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വഴിയൊരുക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്. വികസനക്കുതിപ്പിൻറെയും സാമൂഹിക ക്ഷേമത്തിൻറെയും സന്ദേശമാണ് ബജറ്റ് നൽകുന്നതെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ, തകർന്നടിഞ്ഞ സാമ്പത്തികാവസ്ഥ മറച്ചുവെക്കാനുള്ള രാഷ്ട്രീയ നാടകം മാത്രമാണിതെന്ന നിലപാടിലാണ് പ്രതിപക്ഷം.
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ഈ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ച് ബജറ്റിൻറെ പവിത്രത സർക്കാർ നശിപ്പിച്ചു.
പത്ത് വർഷം പൂർണമായും പരാജയപ്പെട്ട മേഖലകളിൽ വലിയ മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടന്ന വർഷമാണിതെന്നും, പത്തുലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഗീർവാണ പ്രസംഗം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാനല്ലെന്നും ഇറങ്ങിപ്പോകുന്ന സർക്കാർ അടുത്ത സർക്കാരിനു മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read:'സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുകൂലം'; ജനപ്രിയമാകുമോ സംസ്ഥാന ബജറ്റ്?
ഭരണ പരാജയത്തിൻറെ ആദ്യ രേഖയാണിതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിമർശിച്ചു. മുൻപ് പ്രഖ്യാപിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാത്തവർ ഇപ്പോൾ പുതിയ വാഗ്ദാനങ്ങൾ നൽകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എൽ.ഡി.എഫ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൻറെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബജറ്റിനെ സർവ്വമേഖലകളെയും പരിഗണിക്കുന്ന ഒന്നായി വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ ആരോപണങ്ങൾ ബാലിശമാണെന്ന് വ്യക്തമാക്കി. കേരളത്തെ ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമാക്കി മാറ്റാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പത്തുവർഷത്തെ പരിശ്രമങ്ങളുടെ തുടർച്ചയാണിത്. ഇത്തരം ഒരു സമൂഹം വികസിക്കണമെങ്കിൽ ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ഒരേപോലെ മുന്നോട്ടുപോകണം. കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരിക്കലും സാധ്യമല്ലെന്ന് കരുതിയ ദേശീയപാതാ വികസനവും വിഴിഞ്ഞം പദ്ധതിയുമെല്ലാം യാഥാർത്ഥ്യമായത് ഇതിന് തെളിവാണ്.
Also Read:'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്'; നല്ല കേരളം കെട്ടിപ്പടുക്കുക ലക്ഷ്യമെന്ന് ധനമന്ത്രി
കൺമുന്നിലുള്ള ഇത്തരം നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷയ്ക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ബജറ്റിൽ മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവർക്ക് പ്രതിമാസം ആയിരം രൂപ വീതം വേതനം വർദ്ധിപ്പിച്ചത് സാധാരണക്കാരോടുള്ള സർക്കാരിന്റെ കരുതലിന് ഉദാഹരണമാണ്.
കൂടാതെ, സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശികകൾ പൂർണ്ണമായി നൽകുമെന്നും ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ഏപ്രിൽ 1 മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതും അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന നയം തുടരുന്നതും സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാണ്. ക്ഷേമ പെൻഷൻ കുടിശ്ശികകൾ പൂർണ്ണമായും നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, എസ് ശ്രീകുമാറിന് ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us