ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ ഒൻപതു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അഭിഭാഷകൻ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനും 2006 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ മൽസരിച്ച കെ.പി.പ്രേം അനന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുളള ട്രെയിനിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. കോയമ്പത്തൂരിനും ഈറോഡിനും ഇടയിൽവച്ച് രാത്രി 1.15 ഓടെയാണ് സംഭവം നടന്നതെന്ന് എഫ്ഐആറിൽ പറയുന്നു. കോയമ്പത്തൂരിൽനിന്നാണ് പ്രേം അനന്ത് ട്രെയിനിൽ കയറിയതെന്നും എഫ്ഐആറിലുണ്ട്.

മദ്രാസ് ഹൈക്കോടതി അഭിഭാഷകരുടെ അസോസിയേഷൻ ഐഡി കാർഡുമായാണ് 56 കാരനായ ഇയാൾ ട്രെയിനിൽ കയറിയതെന്നും റിസർവേഷൻ ചെയ്തിരുന്നില്ലെന്നും റെയിൽവേ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അയാളുടെ കൈയ്യിൽ ഓർഡിനറി ടിക്കറ്റാണ് ഉണ്ടായിരുന്നത്. പക്ഷേ റിസർവ്ഡ് കംപാർട്മെന്റിലാണ് കയറിയത്. കുട്ടിയുടെ കുടുംബം കിടന്നുറങ്ങുകയായിരുന്നു ബെർത്തിന് ഓപ്പോസിറ്റ് ബെർത്തിലായിരുന്നു ഇയാളെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കംപാർട്മെന്റിലെ മറ്റു യാത്രക്കാരോട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് മനസിലാക്കിയതോടെ ഇയാളോട് അതിനെക്കുറിച്ച് ചോദിച്ചുവെന്നും താനൊരു അഭിഭാഷകനാണെന്നും ബിജെപി പാർട്ടിയുമായി അടുത്ത ബന്ധമുളള ആളാണെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് യാത്രക്കാർ പറഞ്ഞു. ഈറോഡിൽ വച്ചാണ് ഇയാളെ റെയിൽവേ പൊലീസിന് കൈമാറിയതെന്ന് ഉദ്യഗോസ്ഥർ പറഞ്ഞു.

പ്രേം അനന്തിനെതിരെ കെസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമുളള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുളളത്. 2006 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർകെ നഗറിൽനിന്നും ബിജെപി സ്ഥാനാർത്ഥിയായി ഇയാൾ മൽസരിച്ചിട്ടുണ്ട്.

സംസ്ഥാന തലത്തിൽ പാർട്ടിയിൽ ഒരു സ്ഥാനവും അനന്ത് വഹിക്കുന്നില്ലെന്നും പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും തമിഴ്നാട് ബിജെപി പ്രസിഡന്റ് തമിളിസൈ സൗന്ദര്യരാജൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കുറ്റകൃത്യത്തിൽ അയാൾക്ക് പങ്കുണ്ടെങ്കിൽ തക്ക ശിക്ഷ കിട്ടണം. ബിജെപിയുമായി ബന്ധമുളള ആരെങ്കിലും കുറ്റം ചെയ്താൽ അവരെ പാർട്ടി ഒരിക്കലും സംരക്ഷിക്കില്ല. അത്തരം ക്രിമിനലുകളെ പാർട്ടി വച്ചു പൊറുപ്പിക്കില്ലെന്നും അവർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ