അല്‍ഐന്‍: ലോകമാകെ പ്രചരിച്ച ഏറെ ഞെട്ടിക്കുന്ന വാർത്ത ഇന്നലെ വന്നത് യുഎഇയിൽ നിന്നുമാണ്. കാമുകന്റെ ശരീരം വെട്ടിനുറുക്കി ബിരിയാണി വച്ച് പാക്കിസ്ഥാനികളായ നിർമ്മാണ തൊഴിലാളികൾക്ക് വിളമ്പിയ യുവതിയെ അറബ് പൊലീസ് പിടികൂടി എന്നതായിരുന്നു അത്.

എന്നാൽ ഇത്തരത്തിൽ ബിരിയാണി വച്ചില്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതിയായ മൊറോക്കൻ യുവതിയെ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിയുടെ അഭിഭാഷകൻ പറഞ്ഞതായി അറബ് മാധ്യമം അൽ റോയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏഴ് വര്‍ഷമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിനാണ് യുവതി കാമുകനും സ്വന്തം നാട്ടുകാരനുമായ യുവാവിനെ വെട്ടിനുറുക്കിയത്. തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് 39 കാരിയായ യുവതി 30 ൽ താഴെ പ്രായമുളള യുവാവിനെ ആക്രമിച്ചത്. ഇരുവരും തമ്മിൽ പ്രണയബന്ധത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയെങ്കിലും പിന്നീടിത് തർക്കത്തിൽ കലാശിച്ചു.

യുവതി കത്തിയുപയോഗിച്ച് ആദ്യം നെഞ്ചിലും പിന്നീട് വയറ്റിലും കുത്തി. ഏഴ് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിനിടെ യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു. എന്നാല്‍ ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ആക്രമണത്തിന് കാരണം.

കൊലപാതകത്തിന് ശേഷം മൃതദേഹം ബിരിയാണി വച്ച് പാക്കിസ്ഥാനിൽ നിന്നുളള നിർമ്മാണ തൊഴിലാളികൾക്ക് വിളമ്പിയെന്നാണ് ഇന്നലെ വന്ന വാർത്ത. എന്നാൽ കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനകത്ത് മറ്റൊരിടത്തേക്ക് മാറ്റി, തറയിലുണ്ടായിരുന്ന രക്തം മുഴുവൻ ഇവർ കഴുകിക്കളഞ്ഞു. ഇതിന് പിന്നാലെ യുവതിയെ കാണാൻ വീട്ടിൽ ഒരു സുഹൃത്ത് എത്തിയിരുന്നു. ഇവർ മടങ്ങിയ ശേഷമാണ് മൃതദേഹത്തെ ഒളിപ്പിക്കാനുളള മറ്റ് കൃത്യങ്ങൾ ചെയ്തത്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. മൃതദേഹം ഒളിപ്പിക്കാൻ മറ്റൊരു ഫ്ലാറ്റ് ഇവർ വാടകയ്ക്ക് എടുത്തിരുന്നു. സുഹൃത്ത് മടങ്ങിയ ശേഷം മൃതദേഹം ഇവർ ഈ ഫ്ലാറ്റിലേക്ക് മാറ്റി. തന്റെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണം എല്ലാ വിറ്റാണ് ഇവർ മൃതദേഹം വേവിക്കുന്നതിനുളള പാത്രങ്ങളും മുറിക്കുന്നതിനുളള കത്തികളും വാങ്ങിയത്.

ഇറച്ചി അരക്കുന്നതിന് ഗ്രൈന്ററും, വലിയ കുക്കറും, ഈർച്ചവാൾ, ഗ്യാസ് സ്റ്റൗ തുടങ്ങിയ സാധനങ്ങളാണ് വാങ്ങിയത്. പിന്നീട് യുവാവിന്റെ എല്ലാ വസ്ത്രങ്ങളും കത്തിച്ചു. ഫോണും പേഴ്സും നശിപ്പിച്ചു. മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റിയ ശേഷം അവയവങ്ങൾ ഓരോന്നും ഓരോ പാത്രത്തിലാക്കി പാകം ചെയ്യാൻ വച്ചു.

വെന്ത ഇറച്ചിയും എല്ലും വേർപെട്ട ശേഷം, എല്ലുകൾ മാത്രം എടുത്ത് ഓവനിൽ ഉയർന്ന താപത്തിൽ ചൂടാക്കി. പിന്നീടിത് ഗ്രൈന്ററുപയോഗിച്ച് പൊടിയാക്കി മാറ്റി. ഇറച്ചിയും ഇതേ നിലയിൽ പൊടിയാക്കി മാറ്റിയെന്നാണ് മൊഴി. ഈ പൊടി മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളിൽ ഉപേക്ഷിച്ചെന്നും ഡ്രെയിനേജ് വഴി ഒഴുക്കിക്കളഞ്ഞെന്നുമാണ് മൊഴി.

തുടർച്ചയായി നാല് ദിവസം ഈ ഫ്ലാറ്റിൽ നിന്ന് രാത്രി 12 നും പുലർച്ചെ അഞ്ച് മണിക്കും ഇടയിൽ മനുഷ്യന്റെ ഇറച്ചി വേവിക്കുന്ന മണം വന്നതായി അയൽവാസി പ്രമുഖ മാധ്യമമായ അൽ ഖലീജിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

മൃതദേഹത്തിന്റെ വേവിക്കാൻ സാധിക്കാത്ത അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന ഘട്ടത്തിൽ രണ്ട് വിരലുകളും പല്ലുകളും ബാഗിൽ നിന്ന് വീണുപോയി. യുവാവിന്റെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ഇയാളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook