ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് എല്‍എല്‍എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിനി. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ സുര്‍ഭി കര്‍വയാണ് ചീഫ് ജസ്റ്റിസില്‍ നിന്നും മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്.

‘ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയില്‍ നിന്നും ഞാന്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതുണ്ടോയെന്ന ചോദ്യമാണ് കഴിഞ്ഞ കാലങ്ങളില്‍ ക്ലാസ് മുറികളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ എന്നില്‍ ഉയര്‍ത്തിയത്. അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം തലവനായ സ്ഥാപനം അത് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു.’ കര്‍വ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ശനിയാഴ്ച നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കാനായി കർവയുടെ പേര് വിളിച്ചപ്പോൾ, അവർ ജോലി സ്ഥലത്തായിരുന്നു. കർവയുടെ അസാന്നിധ്യത്തിൽ പുരസ്കാരം നൽകുന്നതായി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രൊഫസർ ഡോ.ബാജ്‌പേയ് പറഞ്ഞു.

തനിക്ക് മെഡൽ ലഭിക്കുമെന്ന് കർവയ്ക്ക് അറിയാമായിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയിൽ നിന്നാണ് തനിക്ക് ഇത് ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ, കർവ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കുകയായിരുന്നു. “ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അഭിഭാഷകർ വഹിക്കേണ്ട പങ്കിനെക്കുറിച്ച് ഞാൻ സ്വയം ഉത്തരങ്ങൾ അന്വേഷിക്കുകയാണ്, അതാണ് ചീഫ് ജസ്റ്റിസ് പോലും തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്,” അവർ പറഞ്ഞു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീം കോടതിയിലെ ഒരു വനിതാ ഉദ്യോഗസ്ഥ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോൾ, കോടതി അത് കൈകാര്യം ചെയ്ത രീതിയാണ് സിജെഐയിൽ നിന്ന് അവാർഡ് സ്വീകരികുന്നത് വിസമ്മതിക്കാൻ കാരണമായതെന്ന് കർവ പറയുന്നു.

പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും അവാർഡ് നിരസിച്ചിട്ടില്ലെന്ന് കർവ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ബിരുദാനന്തര ബിരുദത്തിനായി ഭരണഘടനാ നിയമത്തിൽ വൈദഗ്‌ധ്യം നേടിയ കർവ, ഭരണഘടനാ അസംബ്ലി വാദങ്ങളെ കുറിച്ചുള്ള ഫെമിനിസ്റ്റ് വിമർശനമാണ് അവരുടെ പ്രബന്ധം. “ഭരണഘടന ഒരു ഫെമിനിസ്റ്റ് രേഖയാണോ?” എന്നതാണ് കർവയുടെ പ്രബന്ധത്തിൽ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

ഏപ്രിലിൽ വനിതാ ഉദ്യോഗസ്ഥ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാർക്കും 29 പേജുള്ള സത്യവാങ്മൂലം അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും താൻ എതിർത്തപ്പോൾ സ്ഥലം മാറ്റം ചെയ്യപ്പെട്ടതായും പിന്നീട് അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷം പിരിച്ചുവിട്ടതായും ഉദ്യോഗസ്ഥ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook