ഷാജഹാന്‍പൂര്‍: നിയമ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് തനിക്കെതിരായ ആരോപണങ്ങള്‍ സമ്മതിച്ചതായി അന്വേഷണ സംഘം. സമ്മര്‍ദ്ദത്തിലൂടെ മസാജ് ചെയ്യിപ്പിച്ചെന്നു ചിന്മയാന്ദ് സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. അതേസമയം, പീഡനം നടത്തിയതായി ചിന്മയാനന്ദ് സമ്മതിച്ചിട്ടില്ല.

ചിന്മയാനന്ദിന് താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സത്യമാണ്. നിഷേധിക്കുന്നില്ല. വിദ്യാര്‍ത്ഥിനിയോട് ഫോണിലൂടെ തുടര്‍ച്ചയായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും സ്വാമി ചിന്മയാനന്ദ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി മുതല്‍ 200 ഓളം തവണ ഫോണില്‍ സംസാരിച്ചതായി ചിന്മയാനന്ദ് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു.


കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ നാണക്കേടുകൊണ്ട് സാധിക്കുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് കൂട്ടിച്ചേര്‍ത്തുവെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ നവീന്‍ അറോറ വ്യക്തമാക്കി. ചിന്മയാനന്ദിന്റെ ഫോണ്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതേസമയം സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More: പീഡനക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍

യുപിയില്‍ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍ നിന്നാണ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചിന്മയാനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചിന്മയാനന്ദിനെതിരെ തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി നേതാവായതിനാലാണ് ചിന്മയാനന്ദിനെതിരെ നടപടി വൈകുന്നതെന്നും പെണ്‍കുട്ടി ആരോപണമുന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook