ലക്‌നൗ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകിയ നിയമ വിദ്യാർഥിനിയെ ഇന്നു രാവിലെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് ചെയ്തത്.

ഇന്നു രാവിലെയാണ് എസ്ഐടി വീട്ടിലെത്തിയതെന്നും ബലം പ്രയോഗിച്ച് പെൺകുട്ടിയെ വീട്ടിൽനിന്നും വലിച്ചിറക്കിയെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടിയെ പിന്നീട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.

കഴിഞ്ഞ ആഴ്ചയാണ് ചിന്മയാനന്ദ് അറസ്റ്റിലായത്. രണ്ടു ദിവസത്തെ ജയിൽവാസത്തിനുശേഷം ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതൽ ചിന്മയാനന്ദ് ആശുപത്രിയിലാണ്.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിന്മയാനന്ദ് പെൺകുട്ടിക്കെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തേടി പെൺകുട്ടി ഷാജഹൻപൂരിലെ പ്രാദേശിക കോടതിയെ സമീപിച്ചു. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രത്യേക അന്വേഷണ സംഘത്തോട് പ്രതികരണം തേടുകയും വാദം കേൾക്കുന്നത് സെപ്റ്റംബർ 26 ലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെ പെൺകുട്ടിയെ ഇന്ന് അറസ്റ്റ് ചെയ്തു.

Read Also: ആരോപണങ്ങള്‍ നിഷേധിക്കുന്നില്ല, കുറ്റബോധമുണ്ട്; കൂടുതല്‍ പറയാന്‍ നാണക്കേടെന്ന് ചിന്മയാനന്ദ്

പെൺകുട്ടിയെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. ”സഹോദരിയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ഇന്നു രാവിലെ വീട്ടിലെത്തി. ഏതാനും മിനിറ്റുകൾ അവളുമായി സംസാരിച്ചശേഷം, അവളെ അറസ്റ്റ് ചെയ്യുകയാണെന്ന് എസ്ഐടി ഞങ്ങളോട് പറഞ്ഞു. സഹോദരി ഇതിനെ എതിർക്കുകയും അവർക്കൊപ്പം പോകാൻ വിസമ്മതിക്കുകയും ചെയ്തു. എസ്ഐടി ബലം പ്രയോഗിച്ച് അവളെ കാറിൽ കയറ്റി കൊണ്ടുപോയി” സഹോദരൻ പറഞ്ഞു.

”ജില്ലാ ജഡ്ജിക്കാണ് പെൺകുട്ടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ വാദം കേട്ടത് അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻ ജഡ്ജായ സുധീർ കുമാറാണ്. ഇന്നലെ ജില്ലാ ജഡ്ജിയുടെ ചുമതല വഹിച്ചത് അദ്ദേഹമാണ്. കേസുമായി ബന്ധപ്പെട്ട രേഖകൾക്കൊപ്പം ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. ഇടക്കാല പരിരക്ഷ നൽകാതെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സെപ്റ്റംബർ 26 ലേക്ക് മാറ്റി,” ഷാജഹൻപൂർ ഡിസ്ട്രിക് ഗവൺമെന്റ് കൗൺസൽ അനൂജ് കുമാർ പറഞ്ഞു.

ചിന്മയാനന്ദ് ചെയർമാനായ ലോ കോളേജിൽ പഠിക്കുന്ന 23 കാരിയാണ് വീഡിയോ ക്ലിപ്പിലൂടെ പീഡനാരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ അജ്ഞാതർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന് ചിന്മയാനന്ദിന്റെ അഭിഭാഷകർ പരാതി നൽകി. ചിന്മയാനന്ദിന്റെ ഫോണിലേക്ക് 5 കോടി രൂപ ആവശ്യപ്പെട്ട് വാട്സ്ആപ് സന്ദേശം വന്നുവെന്ന് അഭിഭാഷകർ ആരോപിച്ചു. പണം നൽകിയില്ലെങ്കിൽ ചില വീഡിയോ ക്ലിപ്പുകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. കേസുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook