ന്യൂഡൽഹി: ജനങ്ങളുടെ ക്രമസമാധാനം തകർക്കുക എന്ന ആസൂത്രിതമായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുക, സർക്കാരിനെ അട്ടിമറിക്കാനായി ആക്രമണങ്ങൾ​​ അഴിച്ചുവിടുകയോ നിയമവിരുദ്ധമായ പ്രവൃത്തികളോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളിൽ മാത്രമേ കർശനമായ രാജ്യദ്രോഹകുറ്റം ചുമത്താൻ പാടുള്ളൂ എന്ന പ്രസ്താവനയുമായി സർക്കാരിന്റെ ‘ചെവിയ്ക്കു പിടിക്കുക’യാണ് ലോ കമ്മീഷൻ തലവൻ റിട്ടയേർഡ് ജസ്റ്റിസ് ബി.എസ്.ചൗഹാൻ.

‘ഒരു ജനാധിപത്യ രാജ്യത്ത് ഒരേ പുസ്കത്തിലെ ഗാനം ആലപിക്കുക എന്നതല്ല ദേശസ്നേഹത്തിന്റെ അളവുകോൽ’ എന്നും അദ്ദേഹം കൂട്ടിചേർത്തു. ഓരോ വ്യക്തിയ്ക്കും മാതൃരാജ്യത്തോടുള്ള സ്നേഹം അവരുടേതായ രീതിയിൽ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. സർക്കാരിന്റെ നയങ്ങളിൽ വിയോജിപ്പുള്ളവർ അതിനെ വിമർശിക്കുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ ആ വ്യക്തിയിൽ രാജ്യദ്രോഹകുറ്റം ചുമത്താൻ പാടില്ലെന്നും ലോ കമ്മീഷൻ അഭിപ്രായപ്പെട്ടു. രാജ്യദ്രോഹകുറ്റം (ഐപിസി 124എ) ചർച്ചചെയ്യുന്ന ഒരു കൺസൽട്ടേഷൻ പേപ്പറിലാണ് ജസ്റ്റിസ് ചൗഹാൻ അഭിപ്രായം ഉന്നയിച്ചത്. ഈ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ നിയമ പ്രവർത്തർ, നിയമനിർമ്മാതാക്കൾ, സർക്കാർ – സർക്കാർ ഇതര ഏജൻസികൾ, അക്കാദമിക് പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കിടയിലെല്ലാം ആരോഗ്യകരമായൊരു സംവാദം ഉണ്ടാകുമെന്നാണ് ലോ കമ്മീഷൻ പ്രതീക്ഷിക്കുന്നതെന്നും അപ്പോൾ മാത്രമേ ജനസൗഹാർദ്ദപരമായ രീതിയിൽ ഭേദഗതികൾ കൊണ്ടുവരാൻ സാധിക്കൂ എന്നും കമ്മീഷൻ വ്യക്തമാക്കി.

“ഒരു ജനാധിപത്യരാജ്യത്ത്, ഒരേ പുസ്കത്തിലെ ഗാനം ആലപിക്കുക എന്നതല്ല ദേശസ്നേഹത്തിന്റെ അളവുകോൽ. ഓരോ വ്യക്തിയ്ക്കും മാതൃരാജ്യത്തോടുള്ള സ്നേഹം അവരുടേതായ രീതിയിൽ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. അതിനായി ചിലപ്പോൾ ഒരു വ്യക്തി ക്രിയാത്മകമായ വിമർശനമോ സംവാദമോ നടത്തിയെന്നിരിക്കാം. സർക്കാർ നയങ്ങളിലെ പഴുതുകൾ ചൂണ്ടി കാണിച്ചെന്നിരിക്കാം. അത്തരം വിമർശനങ്ങളിൽ ഉപയോഗിക്കുന്ന വികാരം കർക്കശമാകാം, അവ മറ്റുള്ളവർക്ക് അപ്രിയവുമാവാം. എന്നാൽ, അത്തരം പ്രവൃത്തികളെ രാജ്യദ്രോഹകുറ്റമായി മുദ്രകുത്താൻ കഴിയില്ല. ജനങ്ങളുടെ ക്രമസമാധാനം തകർക്കുക എന്ന ആസൂത്രിതമായ ഉദ്ദേസ്യത്തോടെ പ്രവർത്തിക്കുക, സർക്കാരിനെ അട്ടിമറിക്കാനായി ആക്രമണങ്ങൾ​​ അഴിച്ചുവിടുകയോ നിയമവിരുദ്ധമായ പ്രവൃത്തികളോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളിൽ മാത്രമേ കർശനമായ രാജ്യദ്രോഹകുറ്റം ചുമത്താൻ പാടുള്ളൂ,” ജസ്റ്റിസ് ചൗഹാൻ പറയുന്നു.

“സർക്കാർ നയങ്ങളിൽ മനംമടുത്ത് വ്യക്തികൾ പ്രകടിപ്പിക്കുന്ന വികാരങ്ങൾ, ഉദാഹരണത്തിന്, ‘ഇവിടെ സ്ത്രീകൾക്ക് സ്ഥാനമില്ലെ’ന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ, തൊലിയുടെ നിറംനോക്കി ജനങ്ങളെ മാറ്റിനിർത്തുന്ന സാമൂഹികസാഹചര്യങ്ങളെ വംശീയ വിരോധമെന്ന തരത്തിൽ അഭിസംബോധന ചെയ്യുന്നത്- ഇതെല്ലാം വിമർശനങ്ങളാണ്, അല്ലാതെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരികയോ നമ്മുടെ ദേശീയതയെ അപായപ്പെടുത്തുകയോ ചെയ്യുന്നില്ല. രോഷാകുലരായി സംസാരിക്കുന്നതോ വിയോജിപ്പോ സമാനമായ വികാരപ്രകടനങ്ങളോ രാജ്യദ്രോഹമല്ല, രാജ്യദ്രോഹം ആവുകയുമില്ല,” കമ്മീഷൻ വ്യക്തമാക്കുന്നു.

പോസ്റ്റീവായ വിമർശനത്തിന് ഒരു രാജ്യം തയ്യാറാവുന്നില്ല എങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയും മുൻപത്തെ അവസ്ഥയും തമ്മിൽ വലിയ വ്യത്യാസമൊന്നുമുണ്ടാവുന്നില്ല. സ്വന്തം ചരിത്രത്തെ വിമർശിക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് നൽകുന്നതാണ്. ദേശീയസമഗ്രതയ്ക്ക് ഈ സ്വാതന്ത്ര്യം അത്യാവശ്യമാണെന്നിരിക്കെ അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കാനുള്ള ഒരു ആയുധമായി ‘രാജ്യദ്രോഹനിയമങ്ങളെ’ ദുരുപയോഗം ചെയ്യാൻ പാടില്ല.

ഭിന്നാഭിപ്രായങ്ങളും വിമർശനങ്ങളും, സർക്കാർനയങ്ങൾക്കു പുറത്തുള്ള സാമൂഹിക സംവാദങ്ങൾക്ക് കരുത്തേകുന്നവയാണ്. ഇവയെല്ലാം ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ് താനും. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനു പുറത്തുള്ള നിയന്ത്രണങ്ങൾ സൂക്ഷ്മാവലോകനം ചെയ്യപ്പെടുകയും അനുചിതമല്ലാത്ത നിയന്ത്രണങ്ങൾ എടുത്തുമാറ്റുകയും വേണം.

ദേശദ്രോഹകുറ്റത്തിന്റെ നിയമങ്ങളിൽ ഭേദഗതി വരുത്തി പരിഷ്കരിക്കാൻ കഴിയില്ലേ എന്ന ചോദ്യത്തിന്, ” അഭിപ്രായസ്വാതന്ത്ര്യം വ്യക്തികളുടെ മൗലികാവകാശമാണെന്ന് ഇന്ത്യൻ ഭരണഘടന തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ​​ ഒന്നായ ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ​ഒരു പുനരാഖ്യാനത്തിന്റെ ആവശ്യമുണ്ടോ?”​ എന്നായിരുന്നു കമ്മീഷന്റെ മറുപടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ