ന്യൂഡൽഹി: ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും ഉളള തിരഞ്ഞെടുപ്പുകൾ​ ഒന്നിച്ച് നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് ലോ കമ്മീഷന്റെ കരട് റിപ്പോർട്ട്. ഈ റിപ്പോർട്ട് കമ്മീഷൻ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ഇതിനായി ഭരണഘടനയിലും തിരഞ്ഞെടുപ്പ് നിയമത്തിലും ഭേദഗതി വരുത്തണം. തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയാൽ രാജ്യം എപ്പോഴും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ നിൽക്കുന്നത് ഒഴിവാക്കാനാകും.

ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ പൊതുപണം ലാഭിക്കാനാകും. അതിന് പുറമേ അഡ്മിനിസ്ട്രേറ്റീവ് തലത്തിലും സുരക്ഷാ സേനകളുടെയും മേലുമുണ്ടാകുന്ന ഭാരം കുറയ്ക്കാനാകും. സർക്കാർ നയങ്ങൾ​ കുറച്ചു കൂടെ മികവുറ്റ രീതിയിൽ​ നടപ്പാക്കാനാകുമെന്നും ലോ കമ്മീഷൻ വിലയിരുത്തുന്നു.

ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ വികസന പ്രവർത്തനത്തിൽ​ കൂടുതൽ​ ശ്രദ്ധ ചെലുത്താനാകുമെന്ന് റിപ്പോർട്ട് പറയുന്നു. നിലവിലെ ഭരണഘടനയുടെ ഉളളിൽ നിന്നു കൊണ്ട് ഒന്നിച്ചുളള തിരഞ്ഞെടുപ്പ് സാധ്യമാകില്ലെന്നും അത് മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ശുപാർശയോട് അനുകൂലിച്ച് ലോ കമ്മീഷൻ റിപ്പോർട്ട് നൽകുമെന്ന് നേരത്തെ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

Read More: One nation, one election: Law Commission endorses proposal for simultaneous Lok Sabha, assembly polls

തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി.റാവത്ത് ഉറപ്പിച്ച് പറഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ലോ കമ്മീഷൻ ഈ​ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ‘നിയമപരമായ ഫ്രെയിം വർക്ക്’ ഇല്ലാതെ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ​ ഒരു സാധ്യതയും ഇല്ലെന്നായിരുന്നു റാവത്തിന്റെ നിലപാട്.

തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്ന് അധികാരത്തിലുളള ബിജെപി നിലപാടുമായി ബന്ധപ്പെട്ട് ചർച്ചകൾ അരങ്ങേറുന്ന സമയത്താണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അഭിപ്രായം വരുന്നത്. എപ്പോഴും രാജ്യം തിരഞ്ഞെടുപ്പിലാകാതിരിക്കുകയും സാമ്പത്തിക ചെലവ് കുറയ്ക്കുകയും ചെയ്യും ഒന്നിച്ചുളള​ തിരഞ്ഞെടുപ്പുകൾ​എന്നാണ് ബിജെപിയുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook