ന്യൂഡല്‍ഹി: ഇന്ത്യയില്‍ വധശിക്ഷ നിരോധിക്കണോയെന്ന കാര്യത്തിൽ നിയമ കമ്മീഷൻ സംസ്ഥാനങ്ങളോടു അഭിപ്രായം ആരാഞ്ഞു. തീവ്രവാദമൊഴികെ മറ്റ് കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമ കമ്മീഷന്‍ ശുപാര്‍ശയിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. നിയമസഭയില്‍ വന്ന ചോദ്യത്തിനു മറുപടിയായി അഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിര്‍ ആണ് ഇത് അറിയിച്ചത്.

ജസ്റ്റിസ് എ.പി.ഷായുടെ അധ്യക്ഷതയിലുള്ള പത്തംഗ പാനല്‍ ഓഗസ്റ്റ്‌ 2015ല്‍ മുന്നോട്ട് വച്ച 262-ാമത് നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുകയായിരുന്നു ഹന്‍സ്രാജ്. ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കുമ്പോള്‍ വധശിക്ഷ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്നും വധശിക്ഷയില്‍ കുറ്റവാളികളെ കുറ്റകൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കത്തക്കതായി ഒന്നുമില്ല എന്നായിരുന്നു പത്തംഗ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും നിരീക്ഷിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വധശിക്ഷയുടെ എണ്ണത്തില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. 2015-ല്‍ എഴുപതു പേര്‍ തൂക്കിലേറ്റിയിടത്ത് 2016ല്‍ നൂറ്റി മുപ്പത്തിയാറുപേരെയാണ് തൂക്കിലേറ്റിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകള്‍ക്ക്‌ മാത്രമേ വധശിക്ഷ നല്‍കാവൂ എന്നാണു സുപ്രീം കോടതി മുന്നോട്ട് വച്ചിട്ടുള്ള നിരീക്ഷണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ