തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മന്ത്രിയുമായി മാത്രമേ ചർച്ച നടത്താൻ തയാറുള്ളൂവെന്നു സംഘടനാ പ്രതിനിധികൾ അറിയിച്ചു. എഡിഎമ്മുമായി ചർച്ച ചെയ്യില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥികളുടെ തീരുമാനം.

അതിനിടെ, ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും മാറ്റിനിർത്താൻ തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്സ് അക്കാദമി മാനേജ്മെന്റ് ജില്ലാ ഭരണകൂടത്തിനു നൽകി. അക്കാദമി ഡയറക്ടർ നാരായണൻ നായരാണ് മിനിറ്റ്സിന്റെ പകർപ്പ് കൈമാറിയത്.

വിദ്യാര്‍ത്ഥി സമരത്തിന് പരിഹാരമുണ്ടാകുന്നതു വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റേയും ബിജെപി നേതാവ് വി.വി.രാജേഷിന്റേയും തീരുമാനം. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കണം, വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് കേസെടുത്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റുചെയ്യണം, അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മുളീധരൻ മുന്നോട്ടുവച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ