കൊച്ചി: ലക്ഷ്മി നായർ ലോ അക്കാദമിക്കകത്ത് പ്രവേശിക്കില്ലെന്ന കാര്യത്തിൽ ഉറപ്പുലഭിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യവുമായാണ് വിദ്യാർത്ഥികൾ ഗവർണ്ണറെ കണ്ടത്.
എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാർത്ഥികളുടെ സംഘമാണ് ഗവർണ്ണറെ വസതിയിൽ സന്ദർശിച്ചത്. അഞ്ച് വർഷത്തേയ്ക്ക് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പ് വിശ്വാസമില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രാജി എഴുതി വാങ്ങി ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.
സമരം 22 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഇന്ന് തന്നെ സർവ്വകലാശാല വൈസ് ചാൻസലറിൽ നിന്ന് വിശദീകരണം ചോദിച്ചോളാമെന്ന് ഗവർണ്ണർ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
അഞ്ച് വർഷത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് പുറത്താക്കാമെന്ന മാനേജ്മെന്റിന്റെ ഉറപ്പ് പരിഗണിച്ച് എസ്.എഫ്.ഐ കഴിഞ്ഞ ദിവസം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ എസ്.എഫ്.ഐ യുടേത് വഞ്ചനാപരമായ നിലപാടാണെന്നും സമരം തുടരുമെന്നുമാണ് മറ്റ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.