തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കോളേജ് ക്യാന്പസിൽ നടക്കുന്ന സമരത്തിനിടെ നാടകീയ രംഗങ്ങള്‍. ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ കയറിയ ഷിനിത്തിനെ പൊലീസും ഫയര്‍ഫോഴ്സും താഴെ ഇറക്കുന്നതിനിടെ സ്ഥലത്ത് ആത്മഹത്യാശ്രമം നടന്നു. കെഎസ് യു പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

വിദ്യാര്‍ത്ഥിയെ ഫയര്‍ഫോഴ്സ് അധികൃതര്‍ വല ഉപയോഗിച്ച് താഴെ ഇറക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഷീനിത്തിനെ സമരപ്പന്തലിലേക്ക് കൊണ്ടുപോയി. ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിനിത്തിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനുള്ള സബ് കളക്ടർ ദിവ്യ എസ്.അയ്യരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. വിദ്യാർത്ഥികളുമായി ദിവ്യ ചർച്ച നടത്തിയെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു.

ലക്ഷ്മി നായരെ അറസ്റ്റു ചെയ്യുന്നത് അടക്കം മൂന്ന് ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ സബ് കളക്ടർക്ക് മുന്പാകെ വച്ചത്. എന്നാൽ, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മേലുദ്യോഗസ്ഥരേയും സർക്കാരിനെയും അറിയിക്കാമെന്നും ദിവ്യ അറിയിച്ചെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് എ.ബി.വി.പി പ്രവർത്തകനായ ഷിനിത്ത് കണ്ണുകൾ മാത്രം പുറത്ത് കാണത്തക്ക തരത്തിൽ കൈലേസേ് കൊണ്ട് മുഖം മറച്ച ശേഷം പേരൂർക്കട ജംഗ്ഷനിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തോളിൽ ഒരു ബാഗും ഉണ്ടായിരുന്നു. മരത്തിന് മുകളിൽ കയറിയ ഷിനിത്ത്, ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു.

ഷിനിത്തിന് പിന്തുണയുമായി എ.ഐ.എസ്.എഫ്, എ.ബി.വി.പി സംഘടനയിൽപെട്ട വിദ്യാർത്ഥികൾ മരത്തിന് താഴെയിരുന്ന് മുദ്രാവാക്യം വിളിയും തുടങ്ങിയതോടെ സമരം നാടകീയ വഴിത്തിരിവിലേക്ക് എത്തി. പിന്നീട് പൊലീസും ഫയർഫോഴ്സും എത്തി ഷിനിത്തിനെ താഴെയിറക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook