തിരുവനന്തപുരം: ലോ അക്കാദമിക്ക് ഭൂമി നൽകിയതിനെപ്പറ്റി അന്വേഷണമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയത്തിൽ മുഖ്യമന്ത്രിയും സിപിഐയും രണ്ട് തട്ടിലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അപാകതയില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്.

നേരത്തേ സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്താണ് തിരുവനന്തപുരത്തെ പി.എസ്.നടരാജ പിള്ളയുടെ ഭൂമി ഏറ്റെടുത്തത്. പിന്നീടാണ് ഈ ഭൂമി ലോ അക്കാദമിയ്‌ക്കായി വിട്ടുനൽകിയത്. അക്കാദമി അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുകയാണെന്നും ഇത് ഏറ്റെടുക്കണമെന്നും വിദ്യാർഥികളുടെ സമരത്തിനിടെ ആവശ്യമുയർന്നു. വി.എസ്.അച്യുതാനന്ദൻ അടക്കം പരാതി നൽകിയതോടെയാണ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അന്വേഷണം പുറപ്പെടുവിച്ചത്.

എന്നാൽ മുഖ്യമന്ത്രിയുടെ എതിർ നിലപാട് തള്ളി അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്നു രാവിലെ കോഴിക്കോട് നടന്ന പത്രസമ്മേളനത്തിലാണ് ലോ അക്കാദമിക്ക് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് തന്റെ നിലപാട് വ്യക്തമാക്കിയത്. സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് നടന്ന സംഭവം വീണ്ടും പരിശോധിക്കണമെന്ന് പറഞ്ഞാൽ നടക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് സംഭവം ചർച്ചയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ