തിരുവനന്തപുരം: ലോ അക്കാദമി നടത്തിപ്പിനായി പുതിയ ഭരണസമിതിയെ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളായ വി. മുരളീധരനും വി.വി. രാജേഷും തിരുവന്തപുരം സബ് കോടതിയെ സമീപിച്ചു. പ്രഥമ ദൃഷ്ടിയില്‍ കേസുണ്ടെന്ന് ബോദ്ധ്യമായ കോടതി ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ചു.

അക്കാദമി നടത്തിപ്പിനായി പുതിയ സ്‌കീം അഥവാ ബൈല രൂപീകരിക്കുക, പുതിയ ട്രസ്റ്റിനെ ഏര്‍പ്പെടുത്തുക, അതുവരെ അക്കാദമി ഭരണം റിസീവര്‍ക്ക് കൈമാറുക, എല്ലാ വിധ ഇടപാടുകളും ആധായ നികുതി വകുപ്പിനെകൊണ്ട് അന്വേഷിപ്പിക്കുക, അക്കാദമി സംബന്ധമായ മുഴുവന്‍ രേഖകളും കോടതി നിയോഗിക്കുന്ന റിസീവറെ ഏല്‍പ്പിക്കുക, അക്കാദമി സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നിലവിലെ ഭരണ സമിതിയെ തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ച കോടതി ഈമാസം പത്തിന് വാദം കേള്‍ക്കും. കെ.ജി.മുരളീധരന്‍ ഉണ്ണിത്താന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്, ബി.രാധാകൃഷ്ണന്‍ എന്നിവരാണ് തിരുവന്തപുരം സബ്‌കോടതിയെ സമീപിച്ചത്. അഭിഭാഷകരായ അജിത് പ്രഭാവ് ഗോകുല്‍.ജി.കൃഷ്ണന്‍, മിനിമോള്‍, ശ്രീജാ ശശിധരന്‍ എന്നിവരാണ് വാദി ഭാഗത്തിനുവേണ്ടി ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ