ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ സിബിഐ നൽകിയ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കും.
ലാവലിൻ കേസ് പരിഗണിക്കാൻ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു. കേസ് ആദ്യം പരിഗണിച്ച എൻ.വി.രമണയുടെ ബഞ്ച് തന്നെ തുടർന്നും പരിഗണിക്കട്ടെ എന്നായിരുന്നു യു.യു.ലളിത് അധ്യക്ഷനായ ബഞ്ച് പറഞ്ഞത്. എന്നാൽ, ഇത്തവണയും യു.യു.ലളിതിന്റെ ബഞ്ചിലേക്കാണ് കേസ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ഹര്‍ജി കേള്‍ക്കുന്നതില്‍ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി.ഗിരി കോടതിയെ അറിയിച്ചെങ്കിലും എന്നാൽ തങ്ങൾ ഈ കേസ് കേൾക്കുന്നത് ശരിയല്ലെന്നാണ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ച് പറഞ്ഞത്.
Read Also: സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല, ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും
കോവിഡിന് ശേഷം കോടതികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത് വരെ കേസിലെ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ശിവദാസന്‍ നായര്‍ നല്കിയ അപേക്ഷയും നാളെ കോടതി പരിഗണിച്ചേക്കും. ഈ അപേക്ഷ അംഗീരിക്കുകയാണെങ്കില്‍ വാദം അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കും. അപേക്ഷ തള്ളുകയാണെങ്കില്‍ അന്തിമവാദത്തിലേക്ക് കോടതി കടക്കാനാണ് സാധ്യത.
2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.