നാഗ്പൂർ: മൊബൈൽ ഫോണിന്റെ മാസ തവണ ഡിജിറ്റൽ പണമിടപാടായി നടത്തിയ പെൺകുട്ടിക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചു. ഡിജിറ്റൽ പണമിടപാടു പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ ഒന്നാം സമ്മാനമാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്നുള്ള പെൺകുട്ടിക്ക് കിട്ടിയത്. പുതിയതായി വാങ്ങിയ മൊബൈൽ ഫോണിന്റെ മാസ തവണയായ 1,590 രൂപ റുപേ കാർഡ് ഉപയോഗിച്ച് അടച്ചതാണ് ഇരുപതുകാരിയായ ശ്രദ്ധ മോഹനെ സമ്മാനത്തുകയ്ക്ക് അർഹയാക്കിയത്.

‘ലക്കി ഗ്രഹക് യോജന’ എന്ന പേരിൽ 2016 ഡിസംബറിൽ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ നറുക്കെടുപ്പാണ് നടന്നത്. ഗുജറാത്തിൽനിന്നുള്ള പ്രൈമറി സ്കൂൾ അധ്യാപകനായ ഹാർദിക് കുമാർ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ സ്വന്തമാക്കി. റുപേ കാർഡ് ഉപയോഗിച്ച് നടത്തിയ 1,100 രൂപയുടെ ഡിജിറ്റൽ പണമിടപാടാണ് ഇരുപത്തൊൻപതുകാരനായ ഹാർദിക്കിന് സമ്മാനം നേടിക്കൊടുത്തത്. ഉത്തരാഖണ്ഡ് സ്വദേശിയായ ഭാരത് സിങ്ങിനാണ് 25 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം. റുപേ കാർഡ് ഉപയോഗിച്ച് നടത്തിയ നൂറു രൂപയുടെ പണമിടപാടാണ് ഇയാളെ സമ്മാനത്തിന് അർഹനാക്കിയത്.

വ്യാപാരികൾക്കായുള്ള സമ്മാന പദ്ധതിയായ ‘ഡിജി–ദാൻ വ്യാപാർ യോജന’യുടെ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശിയായ ആനന്ദ് അന്തപദ്മനാഭനു ലഭിച്ചു. താംബരത്തെ തന്റെ ജുവലറി കടയിൽ നടത്തിയ 300 രൂപയുടെ ഡിജിറ്റൽ പണമിടപാടാണ് ആനന്ദിന് ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ നേടിക്കൊടുത്തത്. താനെയിൽ ബ്യൂട്ടി പാർലർ നടത്തുന്ന രാഗിണി രാജേന്ദ്ര ഉത്തേകർ നടത്തിയ 510 രൂപയുടെ ഇടപാടിന് 25 ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും ലഭിച്ചു. തെലങ്കാനയിലെ അമീർപേട്ടിൽ ഹോൾസെയിൽ തുണിക്കട നടത്തുന്ന ഷെയ്ഖ് റാഫിന് മൂന്നാം സമ്മാനമായ 12 ലക്ഷം കിട്ടി. 2000 രൂപയുടെ ഇടപാടാണ് ഇയാൾ നടത്തിയത്. നാഗ്പുരിൽ നിതി ആയോഗ് സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനങ്ങൾ വിതരണം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ