ലണ്ടന്‍: എയര്‍ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പുകയും അസഭ്യം പറയുകയും ചെയ്ത ഐറിഷ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 50കാരിയായ സൈമണ്‍ ബേണ്‍സ് ആണ് മരിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലുളള വസതിയിലാണ് ജൂണ്‍ ഒന്നിന് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് കൂടുതല്‍ മദ്യം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സൈമണ്‍ പ്രകോപിതയായത്. ഈ കേസില്‍ സൈമണെ ആറ് മാസം തടവിന് വിധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ജയിലില്‍ നിന്നും പുറത്ത് വന്നത്.

കൂടുതല്‍ മദ്യം നല്‍കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തില്‍ ബഹളം ആരംഭിച്ചത്. യുവതി അസഭ്യ വര്‍ഷം തുടങ്ങിയതോടെ മറ്റു യാത്രക്കാരും പരാതിയുമായി എത്തിയത് ജീവനക്കാര്‍ക്ക് തലവേദനയായി. രാജ്യാന്തര അഭിഭാഷകയാണ് താനെന്ന് യുവതി ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

Read More: മദ്യപിച്ച് ലക്ക്കെട്ടു; എയർ ഇന്ത്യ പൈലറ്റിന് നേരെ ഐറിഷ് വനിത തുപ്പി

ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്. റോഹിങ്ക്യന്‍ അഭയാർഥികള്‍ക്കും പലസ്തീന്‍ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണ് താനെന്നും യുവതി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച്‌ യുവതിയെ അറസ്റ്റ് ചെയ്തു. മദ്യം നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാര്‍ക്ക് നേരെ യുവതി അസഭ്യ വര്‍ഷം നടത്തുകയും തുപ്പുകയും ചെയ്തു.

പിന്നീട് സൈമണെ ബ്രിട്ടീഷ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിന് വിധിച്ചു. കൂടാതെ 3000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും അറിയിച്ചു. താന്‍ ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ടെന്ന് അന്ന് സൈമണ്‍ കോടതിയെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook