ചെന്നൈ: കടുത്ത വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് ആശ്വാസത്തിന് വെള്ളവുമായി ആദ്യ ട്രെയിന്‍ എത്തി. വെല്ലൂരിലെ ജോലര്പ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2.5 മില്യണ്‍ ലിറ്റര്‍ വെള്ളവുമായാണ് ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തിയത്.
50 വാഗണ്‍ ട്രെയിനിലാണ് കുടിവെള്ളം എത്തിച്ചത്. ഓരോ വാഗണിലും 55000 ലിറ്റര്‍ ജലമാണുള്ളത്. രണ്ടാമത്തെ ട്രെയിനില്‍ ഇതിലും കൂടുതല്‍ വെള്ളം എത്തിക്കും. ആദ്യത്തെ ജല ട്രെയിനെ വില്ലിവാക്കം റെയില്‍വെ സ്റ്റേഷനില്‍ വരവേറ്റു. മന്ത്രി എസ്പി വേലുമണിയും അധികൃതരും പരിപാടിയില്‍ പങ്കെടുത്തു. ഇന്നലെയോടെ എത്തേണ്ടിയിരുന്ന ട്രെയിന്‍ ചില ഭാഗങ്ങളിലെ ചോര്‍ച്ച കാരണം ഇന്ന് ഉച്ചയോടെ മാത്രമാണ് എത്തിയത്.
Read More: ചെന്നൈയെ രക്ഷിക്കാന്‍ ഇനി മഴയ്ക്ക് മാത്രമേ സാധിക്കൂ: ഡികാപ്രിയോ
വെല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതി പ്രകാരം ജോലാര്‍പ്പേട്ടയ്ക്ക് അടുത്തുള്ള മേട്ടുചക്രകുപ്പത്തെ ടാങ്കില്‍ നിന്ന് 2.5 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ട്രെയിനിലെ വാഗണുകളിലേക്ക് മാറ്റുന്നത്. ഒരു ട്രിപ്പിന് റെയില്‍വെ ഈടാക്കുന്നത് 8.5 ലക്ഷം രൂപയാണ്. ഒരു ലിറ്റര്‍ എത്തിക്കുന്നതിന് ഖജനാവില്‍ നിന്ന് ചെലവാകുന്നത് 34 പൈസയാണ്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ ആകെ 65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.