ശ്രീനഗര്‍: 1996ലെ സംലേട്ടി സ്ഫോടനക്കേസില്‍ കുറ്റാരോപിതരായ അലി ഭട്ടിനേയും മറ്റ് നാല് പേരേയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ ഹൈക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ശ്രീനഗറിലെ തന്റെ വീട്ടിലെത്തിയ അലി ഭട്ട് ആദ്യം പോയത് തന്റെ മാതാപിതാക്കളുടെ ഖബറിടത്തിലേക്കായിരുന്നു. 23 വര്‍ഷക്കാലമാണ് കുറ്റം ചെയ്യാതെ അലി ഭട്ട് ജയിലില്‍ കിടന്നത്. ഖബറിടത്തില്‍ മുഖം പൂഴ്ത്തി അദ്ദേഹം ഏറെ നേരം പൊട്ടിക്കരഞ്ഞു.

ഈ രണ്ട് പതിറ്റാണ്ടിനിടയില്‍ തന്റെ യുവത്വവും ജീവിതവും മാതാപിതാക്കളേയും അദ്ദേഹത്തിന് നഷ്ടമായി. ചൊവ്വാഴ്ചയാണ് അലി ഭട്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 25-ാം വയസില്‍ ജയിലിലേക്ക് പോയ അദ്ദേഹത്തിന് ഇപ്പോള്‍ 48 വയസാണ്. കൂടെ ഉണ്ടായിരുന്ന മറ്റ് കുറ്റാരോപിതരായ ലത്തീഫ് അഹമ്മദ് (42), മിര്‍സ നാസര്‍ (39), അബ്ദുല്‍ ഗോനി (57), റയീസ് ബേഗ് (56) എന്നിവരും അന്ന് പുറത്തിറങ്ങി. 1996ലായിരുന്നു ഇവര്‍ ജയിലിലായത്. ഡല്‍ഹിയിലും അഹമ്മദാബാദിലും ജയിലുകളില്‍ ഇവരെ പാര്‍പ്പിച്ചു. ശിക്ഷാ കാലയളവില്‍ ഒരിക്കല്‍ പോലും ഇവരെ ജാമ്യത്തിലോ പരോളിലോ പുറത്തുവിട്ടില്ല.

മുഖ്യപ്രതിയായ ഡോ.അബ്ദുല്‍ ഹമീദുമായി ഇവര്‍ക്ക് ബന്ധമുളളതായി വാദിഭാഗത്തിന് തെളിയിക്കാനായില്ല. ഇവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന ആരോപണത്തിനും തെളിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ക്ക് മുമ്പ് പരസ്പരം അറിയില്ലായിരുന്നു എന്നാണ് അഞ്ച് പേരും മോചനത്തിന് ശേഷം പ്രതികരിച്ചത്. ജയിലില്‍ പോകുന്നതിന് മുമ്പ് അലി ഭട്ട് കാര്‍പറ്റ് കച്ചവടക്കാരനായിരുന്നു. ലത്തീഫ് അഹമ്മദ് കശ്മീരി കരകൗശല വസ്തുക്കള്‍ വിറ്റാണ് ജീവിച്ചിരുന്നത്. നിസാര്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ഗോനി ഒരു സ്കൂള്‍ നടത്തിപ്പുകാരനുമായിരുന്നു.

ജയ്പൂര്‍ -ആഗ്ര ദേശീയ പാതയിലെ ദൗസയിലെ സംലേട്ടി ഗ്രാമത്തിലാണ് 1996 മെയ് 22 സ്ഫോടനം നടന്നത്. നിര്‍ത്തിയിട്ട ബസിലായിരുന്നു സ്ഫോടനം. 14 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് അംഗങ്ങളാണ് പ്രതികളെന്നായിരുന്നു കുറ്റപത്രം. 12 പേരെ പ്രതി ചേര്‍ത്ത കേസില്‍ 7 പേര്‍ ഇതുവരെ കുറ്റവിമുക്തരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook