ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാപൂരിലെ ചാര്‍മി ഗ്രാമത്തിലുളള വൃദ്ധ ദമ്പതികള്‍ക്ക് കിട്ടിയ വൈദ്യുതി ബില്ലാണ് ഇപ്പോള്‍ രാജ്യത്തെ തന്നെ ഷോക്കടിപ്പിച്ചിരിക്കുന്നത്. 128,45,95,444 രൂപയാണ് വൈദ്യുതി ബില്‍ വന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ ബില്‍ അടക്കാത്തതിന് വൈദ്യുത ബോര്‍ഡ് കണക്ഷന്‍ വിച്ഛേദിച്ചതായും വീട്ടുടമയായ ഷമീം പറഞ്ഞു. ഷമീമും ഭാര്യ ഖൈറുന്നിസയും മാത്രമാണ് വീട്ടിലുളളത്. ‘ഞങ്ങളുടെ അപേക്ഷ ആരും കേട്ടില്ല. അത്രയും പണം ഞങ്ങള്‍ എങ്ങനെയാണ് അടയ്ക്കുക. പരാതി നല്‍കാന്‍ പോയപ്പോഴാണ് മുഴുവന്‍ പണവും അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് അവര്‍ പറഞ്ഞത്. തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു,’ ഷമീം പറഞ്ഞു.
‘എല്ലായിടത്തും പരാതിയുമായി ഓടി നടന്നു. പക്ഷെ ആരും കേട്ടില്ല. ഹാപൂരിലെ മുഴുവന്‍ പേരും ഉപയോഗിച്ച വൈദ്യതിയുടെ പണം ഞാന്‍ അടക്കണം എന്ന രീതിയിലാണ് വൈദ്യുത ബോര്‍ഡ് പെരുമാറുന്നത്’ ഷമീം വ്യക്തമാക്കി.
വീട്ടില്‍ ഒരു ഫാനും ഒരും ലൈറ്റും മാത്രമാണ് ഉളളതെന്ന് ഭാര്യയായ ഖൈറുന്നിസ പറഞ്ഞു, ‘ഒരു ഫാനും ലൈറ്റും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇത്ര വലിയ തുക വരുന്നത്. ഞങ്ങള്‍ പാവപ്പെട്ടവരാണ്. അത്രയും തുക എങ്ങനെയാണ് അടയ്ക്കുക. വൈദ്യുത ബോര്‍ഡിന് അച്ചടി പിശക് പറ്റിയതായിരിക്കും എന്നാണ് കരുതിയത്. പക്ഷെ നേരിട്ട് പോയി കാര്യം പറഞ്ഞപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കണമെന്നാണ് പറഞ്ഞത്,’ ഖൈറുന്നിസ വ്യക്തമാക്കി.
എന്നാല്‍ ‘ഇത് വലിയ കാര്യമല്ല’ എന്നാണ് വൈദ്യുത ബോര്‍ഡ് പ്രതികരിച്ചത്. ബില്ലിന്റെ കോപ്പി ഹാജരാക്കിയാല്‍ തെറ്റ് തിരുത്തുമെന്ന് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ എൻജിനീയര്‍ രാം ശരണ്‍ പറഞ്ഞു. ‘സാങ്കേതിക പിഴവ് ആവാനാണ് സാധ്യത. ബില്‍ ഹാജരാക്കിയാല്‍ പിഴവ് തിരുത്തി നല്‍കും. ഇതൊരു വലിയ കാര്യമല്ല. സാങ്കേതിക പിഴവ് സംഭവിക്കാം,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ പിഴവ് പറ്റിയതിന് വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.