ബംഗളൂരു: ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥിനി കുളത്തില്‍ വീണ് മരിച്ചു. കര്‍ണാടകയിലെ കോലാറില്‍ വെളളിയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാനവര്‍ഷ ബി.എ ബിരുദ വിദ്യാര്‍ത്ഥിനിയായ മാല (20) ആണ് മരിച്ചത്.
കോലാറിലെ വേദഗിരിയില്‍ 30 അടി താഴ്ച്ചയുളള കുളത്തിലേക്കാണ് മാല വീണതെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക് വീഡിയോകള്‍ സ്ഥിരമായി എടുക്കാറുളള മാല പഠനത്തിലും മിടുക്കിയാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ഈയടുത്ത് സ്കോളര്‍ഷിപ്പായി 10,000 രൂപയും വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചിരുന്നു.
മാലയുടെ പിതാവ് നാരായണപ്പ കൂലിപ്പണിക്കാരനാണ്. മാതാവ് രത്നമ്മ വീട്ടമ്മയാണ്. പെണ്‍കുട്ടി വീഡിയോ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനായിട്ടില്ല. പിതാവ് പശുക്കള്‍ക്ക് നല്‍കാന്‍ വൈക്കോലെടുക്കാന്‍ അയച്ചതായിരുന്നു മാലയെ എന്നാണ് വിവരം. ഇതിനിടയിലാണ് വീഡിയോ പകര്‍ത്തിയത്.
Read More: ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു
ആള്‍മറയില്ലാത്ത കുളത്തിലേക്ക് കാല് തെറ്റി വീണതാകാം എന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ഇത് ആദ്യമായല്ല ടിക് ടോക് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച് മരണം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ടിക് ടോക് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു.
24 കാരനായ നരസിംഹലുവാണ് പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചത്. ഇദ്ദേഹത്തിന് നീന്താന്‍ അറിയില്ലായിരുന്നു. ബന്ധു കൂടിയായ പ്രശാന്താണ് വീഡിയോ പകര്‍ത്തിയിരുന്നത്. കുളിക്കുന്നതിനിടയില്‍ ടിക് ടോക് ആപ്ലിക്കേഷനില്‍ ഇടാനായിരുന്നു വീഡിയോ പകര്‍ത്തിയിരുന്നത്. പ്രശാന്ത് വീഡിയോ പകര്‍ത്തുന്നതിനിടെ നരസിംഹലു ഒഴുക്കില്‍ പെടുകയായിരുന്നു. പ്രശാന്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി എത്തിയതാണ് നരസിംഹലു.