അഹമ്മദാബാദ്: ഹോംവര്‍ക്ക് ചെയ്യാത്തതിന് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകന്‍ വളകള്‍ ധരിപ്പിച്ചതായി പരാതി. മെഹസാന ജില്ലയിലെ ഗവണ്‍മെന്റ് പ്രൈമറി നമ്പര്‍ 3 സ്കൂളിലാണ് സംഭവം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ച മനുഭായ് പ്രജാപതി എന്ന അദ്യാപകനാണ് കുട്ടികളെ കൊണ്ട് ഇപ്രകാരം ചെയ്യിച്ചതെന്നാണ് പരാതി. ഹോംവര്‍ക്ക് ചെയ്യാതെ വന്ന ആറാം ക്ലാസിലെ മൂന്ന് കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കിയത്. വിദ്യാര്‍ത്ഥിനികളോട് വള ഊരാന്‍ ആവശ്യപ്പെട്ട അധ്യാപകന്‍ ഇത് ആണ്‍കുട്ടികള്‍ക്ക് നല്‍കി.
തുടര്‍ന്ന് എല്ലാവരും കാണ്‍കെ വള ധരിക്കണമെന്ന് ആണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ വെളളിയും ശനിയും കുട്ടികള്‍ സ്കൂളില്‍ പോയില്ല. തങ്ങള്‍ക്ക് സ്കൂളില്‍ പോവാന്‍ നാണക്കേട് ആണെന്നാണ് കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ വിധ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ അധ്യാപകനെ നിര്‍ബന്ധ അവധിയില്‍ അയച്ചു.